അയർലണ്ടിൽ രണ്ട് ഡോസ് വാക്സിനും ലഭിച്ചവർ കോവിഡ് രോഗികളുമായി ഇടപഴകിയാൽ ക്വാറന്റൈനിൽ പോകേണ്ടി വന്നേക്കില്ല; മാസ്കും ഒഴിവാക്കിയേക്കും

അയര്‍ലണ്ടില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനും ലഭിച്ചവര്‍ (മുഴുവനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടവര്‍), ഇനിമുതല്‍ കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകിയതായി കണ്ടെത്തിയാലും കരുതല്‍ ക്വാറന്റൈനില്‍ പോകേണ്ടെന്ന തരത്തില്‍ നിയന്ത്രണം ഇളവ് ചെയ്യാന്‍ ആലോചിക്കുന്നതായി National Public Health Emergency Team (Nphet). അങ്ങനെയെങ്കില്‍ കൂടുതല്‍ അപകട സാധ്യതയുള്ളവരിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കും. Contact tracing ജോലി കൂടുതല്‍ എളുപ്പമാകുകയും ചെയ്യും.  ഇന്ന് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാമത്തെ ഡോസും ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ ഇളവ് നല്‍കാനാണ് ആലോചന. ഒരു പടി കൂടി കടന്ന്, ഇവര്‍ക്ക് മാസ്‌ക് വയ്ക്കുന്നത് ഒഴിവാക്കാനും സമിതി ആലോചിക്കുന്നുണ്ട്.

രണ്ട് ഡോസ് വാക്‌സിനും ലഭിച്ച രണ്ട് വ്യക്തികള്‍ക്ക്, വീട്ടിനകത്തോ, പുറത്തോ വച്ച് ഒത്തുചേരുന്നതിന് തടസമില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. രാജ്യത്ത് മുഴുവനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ട 270,000 പേരാണ് ഉള്ളതെന്നാണ് ഏറ്റവും പുതിയ കണക്ക്. നിലവില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായെന്ന് വ്യക്തമായാല്‍ ഇവരും 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. അല്ലെങ്കില്‍ 10 ദിവസത്തിന് ശേഷം ചെയ്യുന്ന ടെസ്റ്റ് നെഗറ്റീവാകണം. പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍, കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രമേ ഇവര്‍ ക്വാറന്റൈനില്‍ പോകേണ്ടതുള്ളൂ.

അതേസമയം തിങ്ങളാഴ്ച മുതല്‍ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍, രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തിനിടെ, ദിവസേന 543 കേസ് എന്നത് 463 ആയി കുറഞ്ഞിട്ടുണ്ട്. 3.1% ആണ് പോസിറ്റിവിറ്റി നിരക്ക്.

ഇതിനിടെ വാക്‌സിന്‍ വിതരണത്തില്‍ തങ്ങളെ അവഗണിച്ചു എന്ന അദ്ധ്യാപക സംഘടനകളുടെ ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി Norma Foley രംഗത്തെത്തി. അദ്ധ്യാപകരെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ശാസ്ത്രീയമായ രീതി അവലംബിച്ചാണെന്നും, ജോലിയെ കുറച്ചുകണ്ടിട്ടില്ലെന്നും അവര്‍ പ്രസ്താവിച്ചു. നേരത്തെ അദ്ധ്യാപകര്‍, ഗാര്‍ഡ എന്നിവര്‍ സമൂഹത്തിലെ മുന്‍നിര ജോലിക്കാരായതിനാല്‍ ഇവര്‍ക്ക് കാലതാമസമില്ലാതെ വാക്‌സിന്‍ നല്‍കാനുള്ള നടപടിക വേണമെന്ന് ഇരു വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: