ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള മജീഷ്യൻ മുതുകാടിന്റെ കലാമേള ഏപ്രിൽ 18-ന്

യുക്മയുടെ  ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് “വിസ്മയ സാന്ത്വന” മൊരുക്കാന്‍ ശ്രീ.ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18 ഞായറാഴ്ച നടക്കുകയാണ്.  

ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെ യു.കെ സമയം 2 PMനും ഇന്ത്യന്‍ സമയം 6.30 PMനുമാണ് കാണാനാവുന്നത്.  

“ഉണരും ഞങ്ങള്‍, ഉയരും ഞങ്ങള്‍, അതിജീവിക്കും ഞങ്ങള്‍” എന്ന മുദ്രാവാക്യത്തോടെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് ഒരു സാന്ത്വനമാകാനുമാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് “വിസ്മയ സാന്ത്വനം”.  

പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.  മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രെയിനിംഗ് സെന്ററുകളും നിരവധി കലാവതരണ വേദികളും ഉള്‍പ്പെടുന്നു.  ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിൽ എത്തിക്കുന്നത്.

പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മായകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ  പ്രോൽസാഹിപ്പിക്കുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കർത്തവ്യവുമാണ്. ജന്മം കൊണ്ട് നമുക്ക് കിട്ടിയ ഭാഗ്യത്തോട് കൂടി ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേർത്ത് പിടിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കാണ് പ്രശസ്ത മാന്ത്രികൻ ശ്രീ. ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിൻ്റേയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം. എല്ലാവരെയും ഏപ്രിൽ 18 ഞായറാഴ്ച 2PM ന് നടക്കുന്ന പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.

For more information and free registration please visit www.differentartcentre.com

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ മഹത്തായ ജീവകാരുണ്യ പ്രവർത്തിയിൽ നമുക്കൊന്നായി അണിചേരാം. എല്ലാവരും ഈ സന്ദേശം പരമാവധി ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും കൂടി എത്തിക്കണമെന്നു  ഓർമിപ്പിക്കുന്നു. എല്ലാ നന്മ നിറഞ്ഞവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു കൊള്ളുന്നു.

https://fundraisers.giveindia.org/fundraisers/vismaya-saanthwanam-magic-beyond-barriers-uk

Share this news

Leave a Reply

%d bloggers like this: