തമിഴ് ചലച്ചിത്ര താരം വിവേക് അന്തരിച്ചു

ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെ തമിഴ് സിനിമാ രംഗത്ത് തിളങ്ങിയ നടന്‍ വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ 4.35-ഓടെയാണ് മരണപ്പെട്ടത്. 59 വയസായിരുന്നു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബോധരഹിതനായ അദ്ദേഹത്തെ ഭാര്യയും മകളും ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ചെന്നൈയിലെ SIMS ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടെത്തിയതോടെ ആന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്റിങ് എന്നിവ നടത്തിയിരുന്നു. ശേഷം ECMO സഹായത്തോടെ ICU-വിലായിരുന്നു വിവേക്. എന്നാല്‍ രാവിലെയോടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. വ്യാഴാഴ്ച വിവേക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നെങ്കിലും, അതല്ല മരണകാരണമെന്ന് ആശുപത്രി വൈസ് പ്രസിഡന്റായ ഡോ. രാജു ശിവസാമി അറിയിച്ചു.

വിവേകിനെ പൊതുജനങ്ങളെ ആരോഗ്യത്തെ പറ്റി ബോധവാന്മാരാക്കുന്നതിനായുള്ള സ്‌റ്റേറ്റ് അംബാസഡറായി വ്യാഴാഴ്ച തെരഞ്ഞെടുത്തിരുന്നു.

തമിഴ്‌നാട്ടിലെ കോവില്‍പ്പാട്ടിയില്‍ ജനിച്ച വിവേക് പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദറിന്റെ സംവിധാനസഹായിയും തിരക്കഥാകൃത്തുമായി 1980-കളിലാണ് സിനിമയിലെത്തിയത്. വിവേകിന്റെ കോമഡിയിലെ അപാര ടൈമിങ് മനസിലാക്കിയ ബാലചന്ദര്‍ 1987-ല്‍ ‘മനതില്‍ ഉരുതി വേണ്ടും’ എന്ന ചിത്രത്തില്‍ അവസരം നല്‍കി.

പിന്നീട് പതിയെ തമിഴ് സിനിമാ രംഗത്ത് കാലുറപ്പിച്ച വിവേക് കോമഡി രംഗങ്ങളിലെ അനാസായത കൊണ്ട് വലിയ പ്രേക്ഷകസമൂഹത്തെ നേടി. റണ്‍, പേരഴകന്‍, ധൂള്‍, അന്ന്യന്‍, ശിവാജി തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

സിനിമയ്ക്ക് പുറമെ സാമൂഹിക പരിഷ്‌കരണത്തിലും, ഉന്നമനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു വിവേക്. പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെയും, ജാതി-മത വിദ്വേഷത്തിനെതിരെയും പ്രചരണം നടത്തിയ അദ്ദേഹം മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം, പരിസ്ഥിതി സംരക്ഷണത്തിനായി തമിഴ്‌നാട്ടില്‍ 100 കോടി തൈകള്‍ നടുക എന്ന ദൗത്യം കോളജ് വിദ്യാര്‍ത്ഥികളിലൂടെ നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തു.

ഭാര്യയോടും രണ്ട് പെണ്‍മക്കളോടുമൊപ്പമാണ് വിവേക് കഴിഞ്ഞിരുന്നത്. ഒരേയൊരു മകന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെങ്കുവും ബ്രെയിന്‍ ഫീവറും ബാധിച്ച് മരണമടഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: