സർക്കാർ രേഖ ചോർന്ന സംഭവം; വരദ്കറെ ഗാർഡ ചോദ്യം ചെയ്തു

അയര്‍ലണ്ടിലെ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്കുള്ള (GP) ശമ്പള പരിഷ്‌കരണം സംബന്ധിച്ചുള്ള ഔദ്യോഗിക സര്‍ക്കാര്‍ രേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രി ലിയോ വരദ്കറെ ഗാര്‍ഡ ചോദ്യം ചെയ്തു. National Bureau of Criminal Investigation ആണ് ഈ മാസമാദ്യം വരദ്കറെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത വരദ്കറുടെ മൊബൈല്‍ ഫോണും അന്വേഷണ സംഘം പരിശോധിച്ചതായി Sunday Times റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2019-ലാണ് ഈ ഔദ്യോഗിക രേഖ വരദ്കറില്‍ നിന്നും സുഹൃത്തായ ഒരു ഡോക്ടര്‍ക്ക് ലഭിച്ചത്. പുറത്തുവിടാത്ത രേഖ ചോര്‍ന്നതോടെ വിവാദം കനത്തു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, രേഖ ചോര്‍ന്ന സംഭവത്തില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും വരദ്കര്‍ പിന്നീട് Dail-ല്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയായിരുന്നു. തുടര്‍ന്ന് 2020 നവംബറില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

NAGP എന്ന ഡോക്ടര്‍മാരുടെ വിമതസംഘനയുടെ നേതാവും, തന്റെ സുഹൃത്തുമായ Dr Maitiu O Tuathail-ന് പുതിയ ശമ്പള പരിഷ്‌കരണ രേഖയുടെ പകര്‍പ്പ് നല്‍കിയതായി വരദ്കര്‍ സമ്മതിച്ചിരുന്നു. Dr Tuathail-നെയും അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ ചെയ്തത് നിയമവിരുദ്ധമായി കരുതുന്നില്ലെന്നായിരുന്നു വരദ്കറുടെ പ്രതികരണം. രേഖ ചോര്‍ത്തി നല്‍കിയതിലൂടെ തനിക്ക് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതൊരു കരാറോ, ബജറ്റ് രഹസ്യമോ, മന്ത്രിസഭാ രേഖയോ അല്ല എന്നും കഴിഞ്ഞ മാസം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത രേഖ രഹസ്യസ്വഭാവമുള്ളതാണെന്നാണ് എതിര്‍വാദം.

Share this news

Leave a Reply

%d bloggers like this: