കോവിഡ് നിയന്ത്രണങ്ങൾ കാരണം പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾക്ക് പ്ലാനിങ് പെർമിഷൻ ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി നൽകും

പ്ലാനിങ് പെര്‍മിഷന്‍ കാലാവധി തീരാനിരിക്കുന്ന ബില്‍ഡര്‍മാര്‍ക്ക്, കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പെര്‍മിഷന്‍ ഒരു വര്‍ഷം കൂടി നീട്ടി നല്‍കാന്‍ നീക്കം. ഇത് സംബന്ധിച്ച് ഭവനമന്ത്രി Darragh O’Brien മന്ത്രിസഭയില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പല വീടുകളുടെയും, വാണിജ്യ കെട്ടിടങ്ങളുടെയും നിര്‍മ്മാണം ആരംഭിച്ച ശേഷം പല തവണയായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. നേരത്തെ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച പല പദ്ധതികളുടെയും അനുമതി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ പദ്ധതികളുടെ പെര്‍മിഷന്‍ ഒരു വര്‍ഷത്തേയ്ക്ക് അല്ലെങ്കില്‍ 2022 ഡിസംബര്‍ വരെ കൂടി (ഏതാണോ ആദ്യം വരുന്നത്) നീട്ടി നല്‍കാനുള്ള നിര്‍ദ്ദേശമാണ് മന്ത്രി മുന്നോട്ടു വയ്ക്കുക. നിര്‍ദ്ദേശം മന്ത്രിസഭയുടെ അംഗീകാരത്തിനായി ബുധനാഴ്ച അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.

പണി ആരംഭിക്കുകയും, ഒരു പരിധി വരെ പൂര്‍ത്തിയാക്കുകയും ചെയ്ത കെട്ടിടങ്ങളുടെ പ്ലാനിങ് പെര്‍മിഷനാണ് ഇതുവഴി നീട്ടിനല്‍കുക. The Planning and Development (Amendment) Bill 2021 നിയമമായാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കാലതാമസം നേരിടുന്ന പദ്ധതികള്‍ക്ക് വൈകാതെ അനുമതി ലഭിക്കാനും സാധ്യതയുണ്ട്. കൗണ്ടി, സിറ്റി കൗണ്‍സിലുകള്‍ക്ക് അനുമതി നീട്ടി നല്‍കാന്‍ അധികാരം നല്‍കുന്ന തരത്തിലാണ് ബില്‍.

Share this news

Leave a Reply

%d bloggers like this: