അയർലണ്ടിൽ വാടക കുടിയൊഴിക്കൽ നോട്ടീസ് ലഭിച്ചത് 1,100-ലേറെ പേർക്ക്; കുടിയിറക്കൽ നിരോധന നിയമം പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷം

രാജ്യത്തെ വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും, കഴിഞ്ഞ 10 മാസത്തിനിടെ 1,100-ലേറെ പേര്‍ക്ക് കുടിയിറക്കല്‍ നോട്ടീസ് ലഭിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ കുടിയിറക്കല്‍ നിരോധനം മാറ്റിയ സാഹചര്യത്തില്‍ കൂടുതല്‍ വാടകക്കാര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. വെറും 475 പേര്‍ മാത്രമാണ് കോവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ സംരക്ഷണം തേടിയിരിക്കുന്നത്.

Residential Tenancies Board (RTB)-ന്റെ കണക്കനുസരിച്ച് 2020 ഓഗസ്റ്റ് മുതല്‍ 3,810 വീട്ടുകാര്‍ക്കാണ് വാടക മുടങ്ങിയത് കാരണം വീട്ടുടമകള്‍ മുന്നറിയിപ്പ് നല്‍കിയത്. 1,122 വീട്ടുകാരോട്, വാടക ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു. ഏപ്രില്‍ 23 മുതല്‍ കുടിയിറക്കല്‍ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 12 വരെ നിലവിലുണ്ടായിരുന്ന 5 കി.മീ യാത്രാ പരിധി നിയന്ത്രണം കൂടി കണക്കിലെടുത്തായിരുന്നു വാടകക്കാരെ ഇക്കാലയളവില്‍ കുടിയൊഴിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.

Dublin Regional Homeless Executive-ന്റെ രേഖകള്‍ പ്രകാരം ഏപ്രിലിന് ശേഷം വീടില്ലാത്തവരായി കണക്കാക്കുന്ന 79 കുടുംബങ്ങളില്‍ 14 കുടുംബങ്ങളും സ്വകാര്യ മേഖലയില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്നവരാണ്.

കോവിഡ് പ്രതിസന്ധി കാരണമാണ് വാടക നല്‍കാന്‍ സാധിക്കാത്തത് എങ്കില്‍ 2022 ജനുവരി വരെ കുടിയൊഴിപ്പിക്കുന്നതോ, വാടക വര്‍ദ്ധിപ്പിക്കുന്നതോ തടയാന്‍ രാജ്യത്തെ വാടകക്കാര്‍ക്ക് സര്‍ക്കാര്‍ അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വാടക കുടിശ്ശിക വരുത്തിയ 4,000-ഓളം പേരില്‍ വെറും 475 പേരാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ് ഉപയോഗപ്പെടുത്തിയത്.

ലെവല്‍ 5 നിയന്ത്രണം നിലവിലുണ്ടായിരുന്ന ജനുവരിയില്‍ വെറും 59 കുടിയിറക്കല്‍ നോട്ടീസുകളാണ് നല്‍കപ്പെട്ടതെങ്കില്‍, നിയന്ത്രണം ഇളവ് ചെയ്ത മെയില്‍ ഇത് 170 ആയി ഉയര്‍ന്നു. വാടക വീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ വാടക ഒഴിയണം എന്നാണ് മിക്ക നോട്ടീസുകളിലും കാരണമായി പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 22 വരെ പ്രത്യേക സാഹചര്യങ്ങളിലല്ലാതെ വാടക്കാരെ ഒഴിപ്പിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

സാര്‍വത്രികമായി കുടിയിറക്കല്‍ നിരോധനം, വാടക വര്‍ദ്ധന നിരോധനം എന്നിവ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ Sinn Fein വക്താവ് Eoin O Broin ആവശ്യപ്പെട്ടു. ഈ വര്‍ഷം അവസാനം വരെയെങ്കിലും നിയമം പുനഃസ്ഥാപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: