എട്ട് വർഷത്തിനിടെ അയർലണ്ടിൽ ഭവനവില വർദ്ധിച്ചത് 68%; ജനങ്ങളുടെ ശമ്പളത്തിലുണ്ടായ വർദ്ധന 9.5% മാത്രം

അവസാനമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അയര്‍ലണ്ടിലെ ഭവനവില 68% വര്‍ദ്ധിച്ചിട്ടും, ജനങ്ങളുടെ ശരാശരി ശമ്പളത്തിലുള്ള വര്‍ദ്ധന വെറും 9.5% മാത്രമെന്ന് റിപ്പോര്‍ട്ട്. 2013 മാര്‍ച്ചില്‍ രാജ്യത്തെ ശരാശരി ഭവനവില 157,500 യൂറോ ആയിരുന്നെങ്കില്‍, എട്ട് വര്‍ഷത്തിനിപ്പുറം 2021 മാര്‍ച്ചില്‍ ഇത് 264,544 യൂറോ ആണ്.

അതേസമയം 2013-ല്‍ രാജ്യത്ത് മുഴുവന്‍ സമയം ജോലിയിലേര്‍പ്പെടുന്ന ഒരാള്‍ക്ക് കിട്ടിയിരുന്ന ശമ്പളം വര്‍ഷം ശരാശരി 44,709 യൂറോ ആയിരുന്നു. എന്നാല്‍ 2019 ആയപ്പോള്‍ അത് വെറും 9.5% വര്‍ദ്ധിച്ച് 48,946 യൂറോ ആയതേ ഉള്ളൂ. ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഒരു വീട് എങ്ങനെ പ്രാപ്യമാകും എന്നതാണ് പ്രസക്തമായ ചോദ്യം. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് വീടുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വില ഇനിയും വര്‍ദ്ധിക്കുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

കോവിഡ് മഹാമാരിയുടെ ഭീഷണി ഒഴിയുന്നതോടെ സാമ്പത്തികരംഗം പഴയ നില വീണ്ടെടുക്കും. ഇത് ഭവനവില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ വരാന്‍ പോകുന്നത് ഇതിലും വലിയ ഭവനപ്രതിസന്ധിയായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത വര്‍ഷം മുതല്‍ തന്നെ വില ഉയരാന്‍ സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ കാരണം ചെലവ് കുറവാണ് എന്നതിനാല്‍ ആളുകളുടെ കൈയില്‍ സമ്പാദ്യമുണ്ട്. വീടുകളുടെ ലഭ്യത കുറവും, ആവശ്യം കൂടുകയും, ആളുകളുടെ ധനശേഷി കൂടിയിരിക്കുകയും ചെയ്യുന്ന സാഹചര്യം എന്തുകൊണ്ടും ഭവനവില മുകളിലോട്ടാകും എന്നതിന്റെ കൃത്യമായ സൂചനകളാണ്.

ജനങ്ങളുടെ സമ്പാദ്യത്തില്‍ 2020 മാര്‍ച്ചില്‍ നിന്നും 2021 മാര്‍ച്ചിലേയ്‌ക്കെത്തുമ്പോള്‍ 3 ബില്യണ്‍ യൂറോയോളം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത് (12-ല്‍ നിന്നും 15 ബില്യണ്‍ യൂറോ).

രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന 10% ആളുകള്‍ക്ക് മാത്രമേ എളുപ്പം വീട് വാങ്ങുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നിലവില്‍ സാധ്യമാകൂ. അല്ലാത്തവര്‍ വാടകയ്ക്ക് താമസിക്കുകയും, ഡെപ്പോസിറ്റ് തുക സമ്പാദിക്കുകയും ചെയ്തതിന് ശേഷം വീടിന് മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കണം. ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് വീട് വാങ്ങുക എന്നതാകട്ടെ വലിയ ബുദ്ധിമുട്ടാണ്. കാരണം ശമ്പളത്തിന്റെ 3.5 ഇരട്ടി മാത്രമേ പരമാവധി മോര്‍ട്ട്‌ഗേജ് അനുവദിക്കുകയുള്ളൂ. പക്ഷേ ചെറിയ ശമ്പളക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

2008-ല്‍ വാടകനിരക്ക് ഏറ്റവും കൂടിയ കാലത്തെ അപേക്ഷിച്ച്, 2019-ല്‍ പിന്നെയും 33% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2011-നെ അപേക്ഷിച്ച് വാടക നിരക്കില്‍ 80% വര്‍ദ്ധനയും. 2011-ലെ കണക്കനുസരിച്ച് 18-34 പ്രായക്കാരായ 44% പേര്‍ രക്ഷിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 2019 ആയപ്പോഴേയ്ക്കും ഇത് 54% ആയി ഉയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: