സ്റ്റാഫുകളോട് വാക്സിൻ എടുത്തോ, ഇല്ലയോ എന്ന ചോദ്യം; HSE വിവര സംരക്ഷണാവകാശം ലംഘിച്ചതായി ആരോപണം

രാജ്യത്തെ വിവരസംരക്ഷണാവകാശ നിയമം (data protection laws) HSE ലംഘിച്ചതായി ആരോപണം. HSE സ്റ്റാഫുകള്‍ വാക്‌സിന്‍ എടുത്തോ എന്ന് അറിയാനായി പ്രത്യേക ഉദ്യോഗസ്ഥരെ ഏര്‍പ്പാട് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് തൊഴില്‍നിയമ വിദഗ്ദ്ധനായ Richard Grogan ആരോപിക്കുന്നത്. സ്റ്റാഫുകളില്‍ നിന്നും വാക്‌സിന്‍ എടുത്തു, വാക്‌സിന്‍ എടുത്തില്ല, പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്നിങ്ങനെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിനായാണ് HSE ഉദ്യോഗസ്ഥരെ നിയോഗിച്ചത്.

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത സ്റ്റാഫിനില്ലെന്ന് Grogan വ്യക്തമാക്കുന്നു. പക്ഷേ പ്രതികരിക്കാനില്ലെന്ന് ഉത്തരം നല്‍കിയ ഒരു ആശുപത്രിയിലെ 30 സ്റ്റാഫുകള്‍ക്ക്, ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രി നഴ്‌സിങ് ഡയറക്ടറുടെ ഫോണ്‍ കോള്‍ വന്നതായും അദ്ദേഹം പറയുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വാക്‌സിന്‍ എടുത്തോ ഇല്ലയോ എന്ന കാര്യം ഡയറക്ടറോട് വെളിപ്പെടുത്തേണ്ടിവന്നതായും, ആരൊക്കെ വാക്‌സിന്‍ എടുത്തു, എടുത്തില്ല എന്നത് ഇപ്പോള്‍ നഴ്‌സിങ് ഡയറക്ടര്‍ക്ക് അറിയാം എന്നത് വിവരംസംരക്ഷണ നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും Grogan ചൂണ്ടിക്കാട്ടുന്നു.

മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ പുറത്തുപോകുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് Grogan കുറ്റപ്പെടുത്തുന്നു. ഈ വിവരശേഖരണം കൂടുതല്‍ കരുതലോടെയും, സ്വകാര്യയോടെയും ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരമൊരു നടപടി ഇതില്‍ ഉള്‍പ്പെടുന്നവരെ എങ്ങനെ ബാധിക്കുമെന്നത് (risk assessment) കൃത്യമായി പഠിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു നടപടി കൈക്കൊള്ളുമ്പോള്‍ risk assessment നടത്തിയില്ല എന്നത് വലിയൊരു പ്രശ്‌നമായി കാണുന്നതായി The Data Protection Commission-ഉം പ്രതികരിച്ചതായി Grogan പറയുന്നു. സ്റ്റാഫില്‍ പലരും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തന്നെ വിളിച്ചതായും, എന്നാല്‍ നിലവില്‍ നിയമപരമായ നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയാണ് HSE ഈ നടപടിയെടുത്തത് എങ്കില്‍പ്പോലും, അത് നിയമപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share this news

Leave a Reply

%d bloggers like this: