ടോക്കിയോ ഒളിമ്പിക്സ്: 3 കായികതാരങ്ങൾക്ക് കൂടി കോവിഡ്

ടോക്കിയോ ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഞായറാഴ്ച അത്‌ലറ്റ്‌സ് വില്ലേജിലെ 3 കായികതാരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഒരേ രാജ്യത്തു നിന്നും, ഒരേ മത്സരവിഭാഗത്തില്‍ പങ്കെടുക്കാനെത്തിയവരാണെന്ന് പറഞ്ഞ സംഘാടകര്‍ വേറെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. Harumi waterfront district-ലാണ് ഒളിംപിക്‌സ് വില്ലേജ്.

അതേസമയം ഒളിംപിക്‌സുമായി ബന്ധപ്പെട്ട് 10 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മുന്‍ ഒളിംപ്യനും, സൗത്ത് കൊറിയയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി അംഗവുമായ Ryu Seung-min ആണ് ടോക്കിയോയിലെത്തിയ ശേഷം കോവിഡ് ബാധിച്ചതായി കണ്ടെത്തിയവരില്‍ ഒരാള്‍. അതേസമയം ഇദ്ദേഹം വാക്‌സിനേറ്റ് ചെയ്യപ്പെട്ടിരുന്നു എന്നതിനാല്‍, വാക്‌സിനെടുത്തവരിലും കോവിഡ് ബാധിക്കുന്നു എന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.

ഇതിനിടെ രാജ്യതലസ്ഥാനത്തും സാധാരണക്കാരില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലും തുടര്‍ച്ചയായി 1,000-ലേറെ കേസുകളാണ് ടോക്കിയോയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇവിടെ ഒളിംപിക്‌സ് നടത്തുന്നതിനെ പല പൗരന്മാരും എതിര്‍ക്കുന്നതായി അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

കോവിഡ് കാരണം അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. എന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചില താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിംപിക്‌സ് മത്സരങ്ങള്‍.

Share this news

Leave a Reply

%d bloggers like this: