ചൂടനായി ഐറിഷ് ദ്വീപ്; റിപ്പബ്ലിക്കിൽ ഇന്നലെ പരമാവധി അന്തരീക്ഷ താപനില 29.5 ഡിഗ്രി; വടക്കൻ അയർലണ്ടിൽ റെക്കോർഡായ 31.2 ഡിഗ്രി; രാജ്യമാകെ അൾട്രാവയലറ്റ് രശ്മി മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടിയ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത് ഇന്നലെ (ജൂലൈ 17) എന്ന് കാലാവസ്ഥാവകുപ്പായ Met Eireann. 29.5 ഡിഗ്രി സെല്‍ഷ്യസാണ് ഗോള്‍വേയിലെ Atherny-യിലുള്ള കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില. Mount Dillion, Roscommon, Co Meath-ലെ Grange എന്നിവിടങ്ങളിലും 29 ഡിഗ്രി സെല്‍ഷ്യസിന് മേല്‍ ചൂട് ഉയര്‍ന്നു. രാജ്യത്ത് മറ്റ് പല പ്രദേശങ്ങളിലും ഇന്നലെ 28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു.

അതേസമയം വടക്കന്‍ അയര്‍ലണ്ടില്‍ ഇന്നലെ രേഖപ്പെടുത്തിയ പരമാവധി അന്തരീക്ഷ താപനില 31.2 ഡിഗ്രി സെല്‍ഷ്യസാണ്. Co Down-ലെ Ballywatticock-ലായിരുന്നു ഇത്. ചരിത്രത്തിലാദ്യമായാണ് വടക്കന്‍ അയര്‍ലണ്ടില്‍ ഇത്രയും ഉയര്‍ന്നഅന്തരീക്ഷ താപനില റെക്കോര്‍ഡ് ചെയ്തത്. ഇതിനു മുമ്പ് 1976 ജൂണ്‍ 30, 1983 ജൂലൈ 12 എന്നീ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ 30.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

രാജ്യത്ത് ഇന്നും ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് Met Eireann പ്രവചിക്കുന്നത്. 23 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാം. അതേസമയം ഇന്നുമുതല്‍ വരും ദിവസങ്ങളില്‍ വലിയ അളവിലുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ സൂര്യനില്‍ നിന്നും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുറത്ത് പോകുന്ന പ്രായപൂര്‍ത്തിയായവര്‍ SPF 30 സണ്‍സ്‌ക്രീനെങ്കിലും ഉപയോഗിക്കണമെന്നും, കുട്ടികള്‍ SPF 50 എങ്കിലും ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് കുട്ടികളുടെ തൊലിപ്പുറം കേടുവരുത്താനും, തൊലിപ്പുറത്തെ കാന്‍സറിനും ഈ രശ്മികള്‍ കാരണമായേക്കും

കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുറം യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: