അയർലണ്ടിൽ ചൂടുകാലം: വാഹനങ്ങളിലെ എസി സുരക്ഷിതമോ? എങ്ങനെ ചൂട് കുറയ്ക്കാം?

ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലും ചൂട് വര്‍ദ്ധിക്കുകയാണ്. പല പ്രദേശങ്ങളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മേല്‍ അന്തരീക്ഷതാപനിലയാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ സൂര്യഘാതം അടക്കമുള്ള നിരവധി മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് ചൂട് കാലത്ത് വാഹനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും. അന്തരീക്ഷ താപനില ഇത്തരത്തില്‍ ഉയര്‍ന്നാല്‍ വാഹനങ്ങള്‍ക്കകത്തെ ചൂട് 60 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കാം. അകത്തെ പ്രതലങ്ങളിലെ ചൂടാവട്ടെ 85 ഡിഗ്രി വരെയും. ഇത് അപകടസാധ്യത പല തരത്തില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാറിനകത്തിരിക്കുന്ന കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുക. ഈ ചൂടുകാലത്ത് വാഹനങ്ങള്‍ ചൂടുപിടിക്കാതെ എങ്ങനെ സുരക്ഷിതമാക്കാമെന്ന് നോക്കാം.

  1. തണലത്ത് പാര്‍ക്ക് ചെയ്യുക

കഴിവതും വാഹനം തണലുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക. അതേസമയം എവിടെ പാര്‍ക്ക് ചെയ്താലും കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവരെ കാറിനകത്താക്കി പോകരുത്. കാറിനകം ചൂടായാല്‍ ഇവര്‍ക്ക് സ്വയം പുറത്തിറങ്ങി രക്ഷപ്പെടാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് മരണത്തിലേയ്ക്ക് പോലും നയിച്ചേക്കാം.

2.Reflective covers ഉപയോഗിക്കുക

വിന്‍ഡ് സ്‌ക്രീന്‍ അക്കമുള്ള ഭാഗങ്ങളില്‍ ഗുണമേന്മയുള്ള reflective covers ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് നേരിട്ട് വാഹനത്തിനുള്ളിലേയ്ക്ക് സൂര്യപ്രകാശം കടക്കുന്നത് ഒരു പരിധി വരെ തടയും.

3.ടവ്വലുകള്‍

എപ്പോഴും തണലുള്ള സ്ഥലം പാര്‍ക്ക് ചെയ്യാന്‍ കിട്ടിയെന്ന് വരില്ല. ഈ സാഹചര്യത്തില്‍ കാര്‍ മൂടിയിടാന്‍ വലിയ ടവ്വല്‍ ഉപയോഗിക്കാം. മുഴുനായി മൂടാന്‍ സാധിച്ചില്ലെങ്കിലും സ്റ്റിയറിങ്ങിന്റെ ഭാഗം, ഡോറുകള്‍ എന്നിവ മൂടിയിട്ടാല്‍ വാഹനം ചൂടാകുന്നത് കുറയ്ക്കാം.

4. വിന്‍ഡോ ചെറുതായി തുറന്നിടാം

വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍, അതിനകത്ത് നിന്നും സാധനങ്ങളോ മറ്റോ നഷ്ടപ്പെടുമെന്ന് കരുതി വിന്‍ഡോ നമ്മള്‍ എപ്പോഴും അടച്ചിടാറാണ് പതിവ്. എന്നാല്‍ ചെറിയ രീതിയില്‍, ഒരാള്‍ക്ക് കൈയിടാന്‍ മാത്രം ഇടയില്ലാത്ത വിധം വിന്‍ഡോ തുറന്നിടുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. അതുവഴി കാറ്റ് നന്നായി കടക്കുകയും ചെയ്യും.

5. കാര്‍ ഡോര്‍ അല്‍പ്പ സമയം തുറന്നിടുക

പാര്‍ക്ക് ചെയ്ത ശേഷം തിരിച്ചു വരുമ്പോള്‍ ഉടന്‍ കാറില്‍ കയറാതെ, ഡോറുകള്‍ അല്‍പ്പ നേരം തുറന്നിട്ടാല്‍ ഉള്ളിലെ ചൂട് കുറയും. പുറകിലെ ഒരു ഡോര്‍ തുറന്നിടുകയും, ശേഷം മുമ്പിലെ ഡോര്‍ 10-20 തവണ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതാണ് അകത്തെ ചൂട് പുറത്തുപോകാന്‍ നല്ലത്. വാഹനം ഓണ്‍ ചെയ്ത് എസി ഇട്ടിട്ടാണ് പോയതെങ്കിലും, ഇത്തരത്തില്‍ ഡോര്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതാണ് ഉത്തമം. കാര്‍ ഓടാതെ എസി ഓണ്‍ ചെയ്ത് ഇട്ടാല്‍ അത് കാര്‍ബണ്‍ മോണോക്‌സൈഡ് സൃഷ്ടിച്ച് ശ്വാസം മുട്ടലുണ്ടാക്കുകയും, മരണം വരെ സംഭവിക്കുകയും ചെയ്യാം.

6. ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കാറില്‍ വയ്ക്കുമ്പോള്‍ നേരെ സൂര്യപ്രകാശം വന്ന് വീഴാതെ ശ്രദ്ധിക്കുക. ഫോണ്‍ പൊട്ടിത്തെറിക്കാന്‍ ഇത് കാരണമായേക്കാം.

7. കാറിലെ എസി വെന്റിലേറ്ററുകള്‍ മുഴുവനായും മുകളിലേയ്ക്ക് തുറന്നു വയ്ക്കാം. ഇവ മുഖത്തിന് നേരെ ഇവ തിരിച്ച് വയ്ക്കുന്നത് പെട്ടെന്ന് നമുക്ക് തണുപ്പ് അനുഭവപ്പെടുത്തുമെങ്കിലും, വാഹനം മുഴുവന്‍ തണുക്കാന്‍ എസി വെന്റിലേറ്റര്‍ മുകളിലേയ്ക്ക് തിരിച്ച് വയ്ക്കുന്നതാണ് നല്ലത്.

8. എസി പരിശോധിപ്പിക്കുക

കാറിന്റെ എസി സിസ്റ്റം ശരിയായ രീതിയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഇടയ്ക്കിടെ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കണം. കാര്‍ബണ്‍ മോണോക്‌സൈഡ് കയറി ശ്വാസം മുട്ടല്‍ അടക്കമുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഇടയ്ക്കിടെ എസിയിലെ പൊടിയും മറ്റും ക്ലീന്‍ ചെയ്യുന്നത് പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: