സെപ്റ്റംബറോടെ അയർലണ്ടിലെ ജീവിതം സാധാരണ നിലയിലാകാൻ തുടങ്ങുമെന്ന് മന്ത്രി Eamon Ryan; അടുത്ത രണ്ടാഴ്ചക്കാലം നിർണ്ണായകം

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതിനാല്‍, സെപ്റ്റംബറോടെ ആളുകള്‍ക്ക് ജോലിസ്ഥലത്തേയ്ക്ക് തിരികെയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി Eamon Ryan. എങ്കിലും ഘട്ടം ഘട്ടമായാകും വിവിധ ജോലിസ്ഥലങ്ങള്‍ക്ക് ഇളവ് നല്‍കുകയെന്നും, രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി അഭൂതപൂര്‍വ്വമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യുഎസിലെ വാക്‌സിനേഷന്‍ പദ്ധതി പുരോഗമിക്കുന്നത് പുറത്തുനിന്നും നോക്കിക്കണ്ട അയര്‍ലണ്ട്, ഇപ്പോള്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ അവരെക്കാള്‍ മുന്നിലാണെന്നും, വരും ദിവസങ്ങളില്‍ യു.കെയെയും പിന്നിലാക്കുമെന്നും Ryan കൂട്ടിച്ചേര്‍ത്തു. RTE Morning Ireland-ല്‍ സംസാരിക്കവേയാണ് രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടത്.

ജീവിതം സാധാരണ നിലയിലാകുകയാണ് ഇനി വേണ്ടതെന്നും, അതിനായി ജോലിസ്ഥലത്തേയ്ക്കും, കോളേജുകളിലേയ്ക്കും ആളുകള്‍ക്ക് തിരികെയെത്താന്‍ സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംഗീതം, വിനോദം എന്നിങ്ങനെ മഹാമാരി കനത്ത ആഘാതമേല്‍പ്പിച്ച മേഖലകളും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഉടനെയല്ലെങ്കില്‍പ്പോലും ഓരോ മേഖലകളും പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത് എങ്ങനെയെന്നുള്ള കാര്യം വരുന്ന ആഴ്ചകളില്‍ തന്നെ തീരുമാനിക്കുമെന്നും വ്യക്തമാക്കി. അതോടൊപ്പം അടുത്ത രണ്ടാഴ്ചക്കാലം കോവിഡിനെതിരെ കനത്ത ജാഗ്രത തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇതിനിടെ ബുധനാഴ്ച 1,408 പേര്‍ക്ക് കൂടി അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചു. 147 പേരാണ് രോഗം ബാധിച്ച് വിവിധ ആശുത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 26 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

Share this news

Leave a Reply

%d bloggers like this: