അയർലണ്ടിൽ 1,491 പേർക്ക് കൂടി കോവിഡ്; ആശുപത്രിയിലെ രോഗികളുടെ എണ്ണം 193 ആയി ഉയർന്നു

അയര്‍ലണ്ടില്‍ 1,491 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 187-ല്‍ നിന്നും 193 ആയി ഉയരുകയും ചെയ്തു. 28 പേരാണ് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്.

ഈ സാഹചര്യത്തില്‍ പുറത്തുപോകുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലഹാന്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ 5,044 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടതായി HSE ഇന്നലെ വ്യക്തമാക്കിയിരുന്നു.

കോവിഡില്‍ നിന്നുമുള്ള യഥാര്‍ത്ഥ മുക്തി വാക്‌സിനേഷന്‍ വഴിയാണെന്ന കാര്യവും ഡോ. ഹോലഹാന്‍ ഊന്നിപ്പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി വിജയകരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 വയസിന് മേല്‍ പ്രായമുള്ള 90% പേരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതായും, 30-ന് മേല്‍ പ്രായമുള്ള 84%, 18-29 പ്രായക്കാരായ 73%, 16-17 പ്രായക്കാരായ 46% വീതം ആളുകള്‍ ഓരോ ഡോസ് വാക്‌സിന്‍ എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

പനി, ജലദോഷം, തലവേദന, മൂക്കടപ്പ്, തൊണ്ടയില്‍ അസ്വസ്ഥത എന്നിങ്ങനെ ഏത് തരത്തിലുള്ള രോഗലക്ഷണമുള്ളവരും പുറത്ത് പോകുന്നത് ഒഴിവാക്കണമെന്നും, ആളുകളുമായി സമ്പര്‍ക്കം കുറച്ച് കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഹോലഹാന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം ഇന്നുമുതല്‍ രാജ്യത്തെ വിവിധ കൗണ്ടികളില്‍ വാക്ക്-ഇന്‍ കോവിഡ് വാക്‌സിനേഷനുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് HSE അറിയിച്ചു. 16-ന് മേല്‍ പ്രായമുള്ള ആര്‍ക്കും ഇവിടങ്ങളില്‍ നേരിട്ടെത്തി Pfizer വാക്‌സിന്‍ സ്വീകരിക്കാം. ഇത്തരം സെന്ററുകള്‍ വഴി കഴിഞ്ഞയാഴ്ച 30,000-ലേറെ പേര്‍ വാക്‌സിന്‍ എടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: