അയർലണ്ടിൽ 12-15 പ്രായക്കാർക്കുള്ള വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

അയര്‍ലണ്ടില്‍ 12-15 പ്രായക്കാരായ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്നലെ രാത്രി മുതലാണ് HSE വെബ്‌സൈറ്റായ https://vaccine.hse.ie വഴി വാക്‌സിന്‍ ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രി Stephen Donnelly അറിയിച്ചിരിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നതിലും ഒരു ദിവസം നേരത്തെയാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഈയാഴ്ച അവസാനത്തോടെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈവനിങ് ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ജനറല്‍ പ്രാക്ടീഷണര്‍മാര്‍ എന്നിവ വഴി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. അതേസമയം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി HSE അറിയിച്ചു.

പ്രായമായവരില്‍ കോവിഡ് വാക്‌സിന്‍ എടുത്ത വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെന്നും, അതിനാല്‍ത്തന്നെ കുട്ടികളും വാക്‌സിന്‍ എടുക്കുന്നത് പ്രതിരോധം ഉറപ്പുവരുത്തുമെന്നും HSE ചീഫ് ക്ലിനിക്കല്‍ ഓഫിസര്‍ Dr Ronan Glynn പറഞ്ഞു. Pfizer/BioNtech വാക്‌സിനാണ് കുട്ടികളില്‍ കുത്തിവയ്ക്കുക.

അതേസമയം രാജ്യത്ത് ഇന്നലെ 1,819 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 315,385 ആയി. 206 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 36 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Share this news

Leave a Reply

%d bloggers like this: