അയർലണ്ടിൽ ആശുപത്രി ചികിത്സയ്ക്ക് കാത്തിരിക്കുന്നവരുടെ എണ്ണം ചരിത്രത്തിലാദ്യമായി 900,000 കവിഞ്ഞു

അയര്‍ലണ്ടില്‍ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കും, രോഗനിര്‍ണ്ണയത്തിനുമായി ആശുപത്രികളില്‍ ബുക്ക് ചെയ്ത ശേഷം കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയിലേയ്ക്ക് രാജ്യമെത്തിയതായി Irish Hospitals Consultants Associations (IHCA) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ 908,500 പേരാണ് ഇത്തരത്തില്‍ National Treatment Purchase Fund (NTPF) പ്രകാരമുള്ള വെയ്റ്റിങ് ലിസ്റ്റിലുള്ളത്. ഇതാദ്യമായാണ് ലിസ്റ്റ് 900,000 കടക്കുന്നത്.

ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ രോഗനിര്‍ണ്ണയം നടത്താനായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 8.5% വര്‍ദ്ധിച്ച് 652,498 ആയതായാണ് കണക്ക്. ഇതില്‍ 268,500 പേര്‍ 12 മാസത്തോളമായി കാത്തിരിപ്പിലാണ്.

ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇതിന് ഉടനടി പരിഹാരം കാണാനായി സര്‍ക്കാര്‍ ശ്രമിക്കണമെന്നും IHCA പറഞ്ഞു. രാജ്യത്തെ പൊതുമേഖലയിലെ സ്ഥിരം കണ്‍സള്‍ട്ടേഷന്‍ തസ്തികയില്‍, അഞ്ചില്‍ ഒന്നും ഒഴിഞ്ഞുകിടക്കുകയാണ് എന്ന കാര്യവും IHCA ചൂണ്ടിക്കാട്ടി.

ശാരീരികവും, മാനസികവുമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നിരവധി രോഗികളാണ് ഇത്തരത്തില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ളത്. കോവിഡ് കാരണം ആശുപത്രികള്‍ തിരക്കിലായതും ലിസ്റ്റ് നീളാന്‍ കാരണമായി. അതേസമയം MRI സ്‌കാന്‍, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ വെയ്റ്റിങ് ലിസ്റ്റ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: