അയർലണ്ടിൽ 2,125 പേർക്ക് കൂടി കോവിഡ്; ലോക്ഡൗൺ തുടരില്ലെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഡെല്‍റ്റ വകഭേദം കാരണം കോവിഡ് രോഗികള്‍ കൂടുന്നുവെങ്കിലും, വിവിധ മേഖലകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കോവിഡ്-19 രാജ്യത്ത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിട്ടില്ലെന്നും, ഒളിംപിക്‌സില്‍ അയര്‍ലണ്ടിനായി തുഴച്ചില്‍ സ്വര്‍ണ്ണം നേടിയ ടീം അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ മാര്‍ട്ടിന്‍ പറഞ്ഞു. River Lee-യുടെ തീരത്ത് വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അടുത്തയാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ ഓരോ മേഖലയും എത്തരത്തിലായിരിക്കും തുറക്കേണ്ടത് എന്നും, ഓരോ മേഖലയ്ക്കുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ലൈവ് എന്റര്‍ടെയിന്‍മെന്റ്, കലാരംഗം, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് എന്നിവയെല്ലാം പഴയതുപോലെ പ്രവര്‍ത്തിപ്പിക്കാനാണ് ആലോചിക്കുന്നത്.

അതേസമയം രോഗികളുടെയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് മാര്‍ട്ടിന്‍ സമ്മതിച്ചു. വാക്‌സിനേഷന്‍ തന്നെയാണ് പരിഹാരമെന്നും, അത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെടാത്തതിനാല്‍ രോഗികളുടെ വര്‍ദ്ധന തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടാഴ്ചയും രോഗനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് കരുതുന്നതെന്നും, മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ എന്നിങ്ങനെ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നത് ജനങ്ങള്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 25, 27 തീയതികളിലായി ചീഫ് മെഡിക്കല്‍ ഓഫീസറുമായും, മന്ത്രിസഭാ കോവിഡ് സമിതിയുമായും ചര്‍ച്ചകള്‍ നടത്തും. 31-ന് ചേരുന്ന മന്ത്രിസഭായോഗത്തിനു ശേഷം തീരുമാനം അറിയിക്കും എന്നും, വീണ്ടും ലോക്ക്ഡൗണ്‍ തുടരില്ല എന്നും പ്രധാനമന്ത്രി സൂചന നല്‍കി.

അതേസമയം 2,125 പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 259 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 54 പേര്‍ ഐസിയുവിലാണ്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം രാജ്യത്ത് ഇത്രയധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: