അയർലണ്ടിൽ കോവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥയിലേക്ക്; മാസ്ക് ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞു; ഗർഭിണികളെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത് വർദ്ധിച്ചു

അയര്‍ലണ്ടില്‍ 1,571 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹര്യത്തില്‍ കര്‍ശനമായ മുന്‍കരുതലുകള്‍ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. നിലവിലെ കണക്കനുസരിച്ച് 307 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അയര്‍ലണ്ടില്‍ ഇപ്പോഴുള്ള കോവിഡ് വ്യാപനം വളരെ കൂടുതലാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോലഹാന്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുള്ള ശരാശരി രോഗനിരക്ക് ദിവസം 1,814 വീതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 14 ദിവസത്തെ വ്യാപനനിരക്ക് എടുത്ത് പരിശോധിച്ചാല്‍ 100,000-ല്‍ 526 പേര്‍ക്ക് വീതം കോവിഡ് പിടിപെടുന്നു എന്നും പത്രസമ്മേളനത്തില്‍ ഹോലഹാന്‍ പറഞ്ഞു.

മാസ്‌ക് ധരിക്കുക എന്ന ലളിതമായ മുന്‍കരുതല്‍ കൊണ്ടുതന്നെ വലിയൊരു പരിധി വരെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഹോലഹാന്‍ പറഞ്ഞു. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും, ശരീരത്തില്‍ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേയ്ക്ക് പടരാന്‍ സാധ്യത ഏറെയാണ്. വൈറസ് ബാധയുണ്ടെന്ന കാര്യം അറിയാതെ നമ്മള്‍ മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യുന്നു. ഈ സാഹര്യത്തില്‍ മാസ്‌ക് ഏറെ ഗുണം ചെയ്യും.

അതേസമയം ഈയിടെ നടത്തിയ ഒരു പഠനത്തില്‍ അയര്‍ലണ്ടില്‍ മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം 93 ശതമാനത്തില്‍ നിന്നും 84% ആയി കുറഞ്ഞതായി കണ്ടെത്തിയെന്ന കാര്യം ഹോലഹാന്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നിന്നും ഇപ്പോഴത്തെ കണക്ക് പരിശോധിക്കുമ്പോഴാണ് ഈ കുറവ് വ്യക്തമായത്. ഈ പ്രവണത അപകടരമാണെന്നും, റസ്റ്ററന്റുകള്‍, പൊതുഗതാഗതം, കടകള്‍ എന്നിവിടങ്ങളിലും, ജനക്കൂട്ടത്തിനിടയിലുമെല്ലാം മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രോഗബാധ ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ ഹോലഹാന്‍, ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നത് വൈകാതെ ആരംഭിക്കുമെന്നും സൂചന നല്‍കി.

അയര്‍ലണ്ട് ഡെല്‍റ്റ വകഭേദം കാരണമുള്ള രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് NPHET-യുടെ disease modelling തലവനായ പ്രൊഫ. ഫിലിപ് നോലാനും വ്യക്തമാക്കി. രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് 542 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നുവെന്നും, നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ആരോഗ്യനിയന്ത്രണങ്ങള്‍ തുടരേണ്ടത് ഇപ്പോഴും അത്യാവശ്യമാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ അതിന് തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം കോവിഡ് ബാധിച്ച് ഗര്‍ഭിണികളെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നതായുള്ള പ്രശ്‌നം നിലവിലുണ്ടെന്ന് HSE വ്യക്തമാക്കി. അതിനാല്‍ത്തന്നെ ഗര്‍ഭിണികള്‍, ഗര്‍ഭധാരണത്തിന് 14 മുതല്‍ 36 വരെ ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനും സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ 16 ഗര്‍ഭിണികള്‍ക്കാണ് കോവിഡ് കാരണം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടിവന്നത്. എങ്കിലും ഇവര്‍ക്കോ, കുഞ്ഞുങ്ങള്‍ക്കോ കോവിഡ് കാരണം അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മഞ്ഞുകാലം വരുന്നതോടെ പനിയുടെ സീസണാവുമെന്നതിനാല്‍ കോവിഡ് ബാധയും വര്‍ദ്ധിച്ചേക്കാം, അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: