കാബൂൾ എയർപോർട്ടിന് സമീപം ഇരട്ട സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി; 13 യുഎസ് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കാബൂള്‍ എയര്‍പോര്‍ട്ടിന് സമീപം നടത്തിയ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 85 ആയി. 13 യുഎസ് സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വിമാനത്താവളത്തിലെ അബ്ബി ഗേറ്റ്, സമീപത്തെ ഹോട്ടല്‍ എന്നിവിടങ്ങളിലായി വ്യാഴാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്.

72 അഫ്ഗാന്‍ പൗരന്മാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 28 പേര്‍ താലിബാന്‍ അംഗങ്ങളാണ്.

താലിബാനുമായി വിരോധത്തിലുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് (ഐസിസ്-കെ) തീവ്രവാദികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കന്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഐസിസ് വക്താവ് പറഞ്ഞു.

അതേസമയം പ്രദേശത്ത് കൂടുതല്‍ ആക്രമണങ്ങളുണ്ടായേക്കാമെന്ന് ആശങ്കയുണ്ട്.

‘ഞങ്ങള്‍ ക്ഷമിക്കില്ല. ഞങ്ങള്‍ മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, നിങ്ങളെക്കൊണ്ട് മറുപടി പറയിപ്പിക്കും,’ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കുള്ള മറുപടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ഓഗസ്റ്റ് 31-നകം വിദേശശക്തികള്‍ രാജ്യം വിടണമെന്ന താലിബാന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അഫ്ഗാന്‍ പൗരന്മാരടക്കം നിരവധി പേരാണ് പലായനത്തിനായി കാബൂള്‍ എയര്‍പോര്‍ട്ടിലെത്തുന്നത്. താലിബാന്റെ ക്രൂരമായ ഭരണം വീണ്ടും വരുമെന്ന ഭയത്താലാണ് രാജ്യം വിടാനായി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. ഇതിനിടെയായിരുന്നു ഐസിസ് ആക്രമണം.

Share this news

Leave a Reply

%d bloggers like this: