ഇന്ത്യൻ വിദ്യാർത്ഥികൾ കരുതിയിരിക്കുക; വാടകത്തട്ടിപ്പുകാർ നിങ്ങൾക്ക് പിന്നാലെയുണ്ട്

അയര്‍ലണ്ടില്‍ ന്യൂജനറേഷന്‍ തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വാടകത്തട്ടിപ്പുകള്‍ നടക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വീടുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുന്നവരെ സൂക്ഷിക്കണമെന്നാണ് ഗാര്‍ഡ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്ത് വരുംദിവസങ്ങളില്‍ സ്‌കൂളുകളും, കോളേജുകളും തുറക്കുന്നതിനാല്‍ തട്ടിപ്പ് വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഗാര്‍ഡ റിപ്പോര്‍ട്ട് പ്രകാരം 2019 ഫെബ്രുവരി 1 മുതല്‍, 2021 മെയ് 31 വരെയുള്ള കാലയളവില്‍ വാടകത്തട്ടിപ്പുമായി ബന്ധപ്പെട്ട് 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് കാരണം കഴിഞ്ഞ 18 മാസങ്ങളില്‍ കേസുകള്‍ കുറഞ്ഞിരുന്നുവെങ്കിലും അടുത്ത മാസം മുതല്‍ ഘട്ടം ഘട്ടമായി ക്യാംപസുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തട്ടിപ്പുകാരെ വീണ്ടും രംഗത്തിറക്കിയേക്കാം.

Image: Garda

ആകെ റിപ്പോര്‍ട്ട് ചെയ്ത 503 കേസുകളില്‍ പകുതിയോളം ഡബ്ലിന്‍ പ്രദേശത്താണ്. 900,000 യൂറോയാണ് തട്ടിപ്പുകള്‍ക്കിരയായവര്‍ക്ക് നഷ്ടപ്പെട്ടത്. തട്ടിപ്പ് നേരിട്ടവരില്‍ 42% പേരും 25 വയസിന് താഴെയുള്ളവരാണെന്നും ഗാര്‍ഡ വ്യക്തമാക്കുന്നു. 72% പേര്‍ 35 വയസിന് താഴെ പ്രായമുള്ളവരാണ്.

ഈ സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്ന് ഗാര്‍ഡ ഡിറ്റക്ടീവ് സൂപ്പര്‍ഇന്റന്‍ഡന്റ് Michel Cryan പറഞ്ഞു:

  1. വാടകവീടുകളോ, റൂമുകളോ അന്വേഷിക്കുമ്പോള്‍ അംഗീകൃത ഏജന്‍സികള്‍/ ആളുകള്‍ വഴി മാത്രം ഇടപാട് നടത്തുക. വെബ്‌സൈറ്റുകള്‍ വഴിയും വാടകവീടുകളുടെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നതിനാല്‍ വെബ്‌സൈറ്റ് വിശ്വസ്തമാണെന്ന് ഉറപ്പുവരുത്തണം.
  2. സോഷ്യല്‍ മീഡിയ വഴിയുള്ള ഓഫറുകളെ സൂക്ഷിക്കുക. മെസഞ്ചര്‍, വാട്‌സാപ്പ് വഴി മാത്രമുള്ള കമ്മ്യൂണിക്കേഷന്‍ തട്ടിപ്പുകാരെ സൂചിപ്പിക്കുന്നു.
  3. വാടകയിലും, അഡ്വാന്‍സ് തുകയിലും വമ്പന്‍ ഇളവ് നല്‍കുന്ന ‘വണ്‍ ടൈം ഓഫര്‍’ പോലുള്ള വാടക ഓഫറുകള്‍ മിക്കപ്പോഴും തട്ടിപ്പുകാരുടേതാകും.
  4. വാടക, അഡ്വാന്‍സ് പണം എന്നിവ നല്‍കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് മാത്രം ഉപയോഗിക്കുക. ഒരിക്കലും പണം നേരിട്ട് കൈയില്‍ നല്‍കരുത്. ക്രിപ്‌റ്റോ കറന്‍സി, വാലറ്റുകള്‍, ഡയറക്ട് ട്രാന്‍സ്ഫര്‍ എന്നിവയും ഉപയോഗിക്കാതിരിക്കുക.
  5. PayPal അഡ്രസ്, വെസ്‌റ്റേണ്‍ യൂണിയന്‍ മുതലായ മണി ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍, iTunes gift cards എന്നീ യാതൊരു തരത്തിലുള്ള സംവിധാനങ്ങള്‍ വഴിയും പണം നല്‍കാതിരിക്കുക. അങ്ങനെ ചെയ്താല്‍ പിന്നീട് അവ ട്രാക്ക് ചെയ്യുക ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെ പണം ആവശ്യപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും തട്ടിപ്പുകാരായിരിക്കും.
Share this news

Leave a Reply

%d bloggers like this: