വിസ പുതുക്കുന്നതിന് അപ്പോയ്ന്റ്മെന്റ് എടുക്കാൻ പണം; അയർലണ്ടിലെ പ്രവാസികളെ ഇടനിലക്കാർ പിഴിയുന്നതായി പരാതി

അയര്‍ലണ്ടില്‍ വിസ പുതുക്കലുമായി ബന്ധപ്പെട്ട അപ്പോയിന്റ്‌മെന്റുകള്‍ക്ക് പണം വാങ്ങി ഇടനിലക്കാര്‍ കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതായി പരാതി. വിസ പുതുക്കല്‍ അടക്കമുള്ള സേവനങ്ങള്‍ക്കായി Irish Naturalisation and Immigration Service (INIS)-ല്‍ നേരത്തെ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നാണ് ചട്ടം. ഈ അപ്പോയിന്റ്‌മെന്റ് നേരിട്ട് എടുക്കാവുന്നതും, സൗജന്യവുമാണ്.

എന്നാല്‍ ഇടനിലക്കാര്‍ automated bot സംവിധാനമുപയോഗിച്ച് അപ്പോയിന്റ്‌മെന്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നത് കാരണം സാധാരണക്കാര്‍ക്ക് അവശ്യസമയത്ത് ബുക്കിങ് സ്ലോട്ട് കിട്ടുന്നില്ല. ഇത് മുതലെടുത്ത് പണം വാങ്ങി തങ്ങളുടെ പക്കലുള്ള അപ്പോയിന്റ്‌മെന്റുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ഇടനിലക്കാരായ ഏജന്റുമാര്‍ ചെയ്യുന്നത്. അത്യാവശം ആയതിനാല്‍ യഥാര്‍ത്ഥത്തില്‍ സൗജന്യമായ ഈ സേവനം പണം നല്‍കി തന്നെ ഉപയോഗിക്കാന്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ നിര്‍ബന്ധിതരാകുന്നുവെന്നും The Independent പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു,

നേരത്തെയും ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നീതിന്യായ വകുപ്പും പ്രശ്‌നം സമ്മതിക്കുകയും, മേഖലയിലെ ഏജന്റുമാര്‍ക്ക് നിയന്ത്രണമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പ്രവൃത്തി നിര്‍ബാധം തുടരുകയാണ്.

സെപ്റ്റംബര്‍ 20-ഓടെ സര്‍ക്കാര്‍ താല്‍ക്കാലികമായി നീട്ടി നല്‍കിയ വിസ കാലാവധി അവസാനിക്കുകയാണ്. ഇതിനാല്‍ ഏറെപ്പേര്‍ വിസ പുതുക്കലിനായി അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ട് ഏജന്റുമാര്‍ ബള്‍ക്ക് ബുക്കിങ് നടത്തുകയും ചെയ്യും. കൃത്രിമമായി അപ്പോയിന്റ്‌മെന്റുകള്‍ക്ക് ഇങ്ങനെ ക്ഷാമം സൃഷ്ടിക്കുന്നത് വഴി വലയുന്നത് സാധാരണ ശമ്പളവുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പ്രവാസികളും കുടയേറ്റക്കാരുമാണ്.

അതേസമയം ബുക്കിങ് സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടതും, കുറ്റമറ്റതുമാക്കാന്‍ സാങ്കേതികവിദ്യ തേടി നീതിന്യായ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ട്. വരും മാസങ്ങളില്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നതെന്ന് വകുപ്പ് വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: