രണ്ട്‌ പതിറ്റാണ്ട് നീണ്ട യുദ്ധം; തുടങ്ങിയിടത്തു തന്നെ അവസാനിപ്പിച്ച് യുഎസ് സേന അഫ്‌ഗാനിൽ നിന്നും പിൻവാങ്ങി; അവസാന വിമാനവും കാബൂൾ വിട്ടു

20 വര്‍ഷത്തോളം നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങി. അവസാന യുഎസ് വിമാനവും കാബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുപൊങ്ങിയതോടെ ലോകം കണ്ട ദുരിതപൂര്‍ണ്ണമായ അദ്ധ്യായങ്ങളിലൊന്നിന് അവസാനമാകുകയാണ്. അമേരിക്കയുടെ ചരിത്ത്രിലെ ഏറ്റവും നീണ്ട യുദ്ധത്തില്‍, അവസാനഘട്ടമായി രണ്ടാഴ്ചയോളം നീണ്ട രക്ഷാദൗത്യത്തിന് ശേഷമാണ് യുഎസ് സൈന്യം രാജ്യം വിടുന്നത്. ആയിരക്കണക്കിന് അഫ്ഗാനികളെ ഇതിനകം ഇവിടെ നിന്നും രക്ഷപ്പെടുത്തി വിവിധ രാജ്യങ്ങളിലേയ്ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 11.59-ഓടെ തങ്ങളുടെ അവസാന വിമാനം കാബൂള്‍ വിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഓഗസ്റ്റ് 31-നകം രാജ്യം വിടണമെന്നായിരുന്നു ഭരണം പിടിച്ചടക്കിയ താലിബാന്‍കാര്‍ യുഎസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അതിനും മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ യുഎസ് പിന്‍മാറ്റം നടത്തിയിരിക്കുകയാണ്. അതേസമയം രാജ്യത്ത് ഇനിയും കുടുങ്ങിക്കിടകികുന്ന വിദേശപൗരന്മാര്‍ക്കും, രാജ്യം വിടാനാഗ്രഹിക്കുന്നവര്‍ക്കും അതിന് അവസരമൊരുക്കുമെന്ന് താലിബാന്‍ ഉറപ്പുനല്‍കിയതായി വിവധ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

200-നടുത്ത് അമേരിക്കക്കാര്‍ ഇപ്പോഴും അഫ്ഗാനിലുണ്ടെന്നാണ് കണക്ക്. ഇവരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരും. വ്യാഴാഴ്ച എയര്‍പോര്‍ട്ടിന് സമീപം നടന്ന ചാവേര്‍ ബോബ് സ്‌ഫോടനത്തില്‍ 169 അഫ്ഗാനികളും, 13 അമേരിക്കക്കാരും കൊല്ലപ്പെട്ടത് രക്ഷാദൗത്യത്തില്‍ ആശങ്കയുയര്‍ത്തിയിരുന്നു. താലിബാന്‍ അധികാരം കൈയാളിയ ശേഷം 116,000 പേരെങ്കിലും അഫ്ഗാന്‍ വിട്ടതായാണ് കണക്ക്.

2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടത്തിയ അല്‍ ഖ്വയ്ദ ഭീകര്‍ക്ക് താവളമൊരുക്കുന്നത് അന്ന് അഫ്ഗാന്‍ ഭരിച്ചിരുന്ന താലിബാനാണെന്ന് ആരോപിച്ചായിരുന്നു അമേരിക്ക അഫിഗാനില്‍ യുദ്ധമാരംഭിച്ചത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 3,000-ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്.

തുടര്‍ന്ന് ഭരണത്തില്‍ നിന്നും യുഎസ്, താലിബാനെ പുറത്താക്കുകയും, പകരം സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയും ചെയ്തു. ഇക്കാലയളവില്‍ 2,400 അമേരിക്കക്കാര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. യുദ്ധത്തില്‍ 100,000-ലേറെ അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും, 1,100 സഖ്യകക്ഷിസേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ‘കോസ്റ്റ് ഓഫ് വാര്‍’ പ്രോജക്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇരുപത് വര്‍ഷത്തിനിപ്പുറം അഫ്ഗാന്‍ വിടുമ്പോഴും ഭരണം കൈക്കലാക്കിയിരിക്കുന്നത് താലിബാന്‍ തീവ്രവാദികള്‍ തന്നെയാണെന്നതാണ് വിരോധാഭാസം.

അതേസമയം ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖൊറോസാന്‍ (ഐസിസ്-കെ) ഇന്നലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടത്തി. മരണങ്ങളോ പരിക്കുകളോ ഉള്ളതായി വിവരമില്ല.

Share this news

Leave a Reply

%d bloggers like this: