കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ വച്ച് അമ്മയും കുഞ്ഞും മരിച്ച സംഭവം; മാപ്പപേക്ഷിച്ച് HSE-യും ആശുപത്രി അധികൃതരും

ആശുപത്രിയില്‍ വച്ച് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മാപ്പപേക്ഷിച്ച് HSE-യും കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും.

2019 മാര്‍ച്ച് 25-നാണ് 36-കാരിയായ Marie Downey-യെയും, കുഞ്ഞിനെയും ആശുപത്രിയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനായി കാത്തിരിക്കുകയായിരുന്നു ഇവര്‍.

അന്വേഷണത്തില്‍ Marie-ക്ക് അപസ്മാര രോഗം ഉണ്ടായിരുന്നതായും, കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അപസ്മാരം വന്നതോടെ ഇരുവരും തറയിലേയ്ക്ക് വീഴുകയായിരുന്നുവെന്നും മനസിലായി. ആണ്‍കുഞ്ഞിന് മൂന്ന് ദിവസം മാത്രമായിരുന്നു പ്രായം. Darragh എന്ന് പേരിട്ടിരുന്ന കുഞ്ഞ് റൂമില്‍ വച്ച് തന്നെ മരിച്ചു. Marie വൈകുന്നേരത്തോടെയും.

തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും, തിങ്കളാഴ്ച നടന്ന വിചാരണയില്‍ Cork University Maternity Hospital (CUMH) അധികൃതര്‍ Marie-യുടെ ഭര്‍ത്താവ് Kieran-നോടും, രണ്ട് കുഞ്ഞുങ്ങളോടും മാപ്പപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ തങ്ങള്‍ വിശദമായ തെളിവെടുപ്പ് നടത്തിയതായും ആശുത്രിക്ക് വേണ്ടി ഹാജരായ പ്രൊഫ. ജോണ്‍ ഹിഗ്ഗിന്‍സ് പറഞ്ഞു. ഗൈനക്കോളജി വിഭാഗം പ്രൊഫസറും, South/Southwest Hospital Group-ന്റെ Ireland South Women and Infants’ Directorate ഡയറക്ടറുമാണ് ഹിഗ്ഗിന്‍സ്.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായാണ് സംഭവത്തെ കാണുന്നത്. സംഭവത്തത്തുടര്‍ന്ന് രോഗികളെ ശ്രദ്ധിക്കാനായി കൂടുതല്‍ കരുതലെടുത്തതായി അദ്ദേഹം പറഞ്ഞു. HSE-യും മാപ്പപേക്ഷിച്ചിട്ടുണ്ട്.

മാപ്പപേക്ഷ സ്വീകരിച്ചെങ്കിലും, തങ്ങള്‍ക്ക് ഉത്തരങ്ങളാണ് വേണ്ടതെന്നും, മാപ്പല്ല എന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ വാദം തുടരും.

Share this news

Leave a Reply

%d bloggers like this: