പുതിയ കൊറോണ വൈറസ് വകഭേദമായ ‘Mu’ രാജ്യത്ത് 4 പേർക്ക്; EU-വിൽ ഏറ്റവും കൂടുതൽ രോഗവ്യാപന നിരക്കുള്ള രാജ്യമായി അയർലണ്ട്

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Mu,’ അയര്‍ലണ്ടിലെ നാല് പേരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. World Health Organisation (WHO) ഈ വകഭേദത്തെ ‘variant of interest’ വിഭാഗത്തില്‍ പെടുത്തി കൂടുതല്‍ പഠനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അയര്‍ലണ്ടിലും Mu റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടകാരിയെന്ന് തെളിയുന്ന വകഭേദങ്ങളെ ‘variant of concern’ ആയാണ് കണക്കാക്കുക.

ധാരാളം ജനിതക മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് കരുതപ്പെടുന്ന ഈ വകഭേദം കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും, ഒരുപക്ഷേ നിലവിലെ വൈറസുകളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണെന്നുമാണ് ആശങ്ക. 2021 ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ Mu, പിന്നീട് 39 ലോകരാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് ഇവിടെ Mu ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് Health Protection Surveillance Centre (HPSC) അറിയിച്ചു. ഇതാദ്യമായാണ് അയര്‍ലണ്ടില്‍ Mu റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രാജ്യത്ത് ഇന്നലെ 1,414 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 353 പേര്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 55 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

ഇതിനിടെ EU-വില്‍ ഏറ്റവുമധികം കോവിഡ് വ്യാപനനിരക്കുള്ള രാജ്യമായി അയര്‍ലണ്ട് മാറിയിരിക്കുകയാണ്. ഒരു ലക്ഷം പേരില്‍ 500 എന്ന നിലയിലാണ് അയര്‍ലണ്ടില്‍ 14 ദിവസത്തെ രോഗവ്യാപന നിരക്ക്. 496 രോഗികളുമായി സൈപ്രസാണ് അയര്‍ലണ്ടിന് തൊട്ടുതാഴെ.

അഞ്ച് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളും നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 52 മരണങ്ങളാണ് ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ചിന് ശേഷം ഇത്രയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്.

Share this news

Leave a Reply

%d bloggers like this: