കേരളത്തിൽ വീണ്ടും നിപ ബാധ; കോഴിക്കോട് മരിച്ച 12 വയസുകാരന് വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും നിപ ബാധ. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ പനിബാധിച്ച് മരിച്ച 12-കാരനാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുടെ സാമ്പിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചിരുന്നതായും, റിസല്‍ട്ടില്‍ നിപ ബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

മസ്തിഷ്‌ക ജ്വരവും, ഛര്‍ദ്ദിയും ബാധിച്ചായിരുന്നു നാല് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സ്ഥിതി വഷളാവുകയും, പുലര്‍ച്ച 4.45-ഓടെ മരണപ്പെടുകയുമായിരുന്നു. ഓഗസ്റ്റ് 27-നായിരുന്നു ആദ്യം രോഗലക്ഷണം കണ്ടത്. അതേസമയം എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന് കണ്ടെത്താനായിട്ടില്ല. ഇതിനിടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടും നേരത്തെ തന്നെ നിപയാണെന്ന് കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡ് അടയ്ക്കുകയും, ഇവിടെ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വവ്വാല്‍, പന്നി തുടങ്ങിയ ജീവികളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന നിപ, മുമ്പ് 2018-ല്‍ കേരളത്തില്‍ സ്ഥിരീകരിക്കുകയും, 17 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. വവ്വാലുകളില്‍ നിന്നായിരുന്നു അന്ന് വൈറസ് ബാധയുണ്ടായതെന്നായിരുന്നു നിഗമനം.

നിപ ബാധിച്ച 12-കാരനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കിയതായും, റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കുട്ടിയുമായി ബന്ധപ്പെട്ട പലരെയും ഇപ്പോള്‍ തന്നെ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

എല്ലാവരും നിപയ്‌ക്കെതിരായ മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: