അയർലണ്ടിൽ ഇനിമുതൽ സോഫ്റ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാം

വൃത്തിയാക്കപ്പെട്ട എല്ലാവിധ സോഫ്റ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇനിമുതല്‍ അയര്‍ലണ്ടിലെ റീസൈക്ലിങ് ബിന്നുകളില്‍ നിക്ഷേപിക്കാമെന്ന് അധികൃതര്‍. മിഠായിക്കവറുകള്‍, പ്ലാസ്റ്റിക് സഞ്ചികള്‍ തുടങ്ങി കട്ടികുറഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ളവ ഇത്തരത്തില്‍ പുനഃചംക്രമണത്തിനായി ബിന്നുകളില്‍ നിക്ഷേപിക്കാമെന്ന് Minister of State for the Circular Economy Ossian Smyth TD കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഇതുവരെ കട്ടികൂടിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു ബിന്നുകളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നത്. ജനങ്ങള്‍ ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ബിന്നുകളില്‍ കൊണ്ടിടുന്നതിന് മുമ്പ് അവ വൃത്തിയായി കഴുകി, ഉണക്കാന്‍ ശ്രദ്ധിക്കണം. രാജ്യത്തെ പ്ലാസ്റ്റിക് പുനഃചംക്രമണ സംവിധാനം മെച്ചപ്പെടുത്തിയ സാഹചര്യത്തില്‍, ഇത്തരം കട്ടികുറഞ്ഞ ഉല്‍പ്പന്നങ്ങളും സംസ്‌കരിക്കുകയോ, പുനരുപയോഗിക്കുകയോ ചെയ്യാം എന്നതിനാലാണ് പുതിയ നീക്കം.

അയര്‍ലണ്ടില്‍ നിലവില്‍ ആകെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമേ സംസ്‌കരിച്ച് പുനരുപയോഗിക്കുന്നുള്ളൂവെന്നും, ഇത് 2025-ഓടെ 50% ആക്കാനും, 2030-ഓടെ 55% ആക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി Smyth പറഞ്ഞു.

പുതിയ നിര്‍ദ്ദേശം കൂടുതല്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കൃത്യമായി സംസ്‌കരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി വിവിധ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്ന optical sorting ഉപകരണങ്ങള്‍ മാലിന്യനിര്‍മ്മാര്‍ജ്ജന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഉല്‍പ്പന്നവും അത് പുനഃചംക്രമണം ചെയ്യാന്‍ പര്യാപതമായ കേന്ദ്രങ്ങളിലേയ്ക്കാണ് അയയ്ക്കുക. അഥവാ പുനഃചംക്രമണം സാധ്യമായില്ലെങ്കില്‍ അവ സിമന്റ് നിര്‍മ്മാണത്തിനുള്ള ഇന്ധനമായി ഉപയോഗിക്കും.

അതേസമയം ഇതിനെ പ്ലാസ്റ്റിക് കൂടുതലായി ഉപയോഗിക്കാനുള്ള വഴിയായി കാണരുതെന്നും, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.



Share this news

Leave a Reply

%d bloggers like this: