നിങ്ങളുടെ കുട്ടി ഫോണിൽ എന്ത് ചെയ്യുന്നുവെന്ന് ശ്രദ്ധിക്കാറുണ്ടോ? അയർലൻഡിലെ 13-നു താഴെ പ്രായമുള്ള മൂന്നിൽ ഒന്ന് കുട്ടികളും അപരിചിതരുമായി ഓൺലൈൻ ഗെയിം കളിക്കുന്നു; ഓൺലൈനായി ഉപദ്രവിക്കപ്പെട്ടത് 29% പേർ

അയര്‍ലന്‍ഡില്‍ 13 വയസിന് താഴെയുള്ള മൂന്നില്‍ ഒന്ന് കുട്ടികളും ഓണ്‍ലൈനില്‍ അപരിചിതരുമായി ഗെയിം കളിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഇവരില്‍ കുറഞ്ഞത് 29% പേരെങ്കിലും ഓണ്‍ലൈനായി ഉപദ്രവിക്കപ്പെടുന്നുവെന്നും CyberSafeKids എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ട് മുതല്‍ 12 വയസ് വരെ പ്രായമുള്ള 3,904 കുട്ടികളെ സര്‍വേ ചെയ്തതില്‍ നിന്നാണ് സംഘടന ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിലവില്‍ വന്ന കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷത്തിലായിരുന്നു സര്‍വേ.

സര്‍വേയില്‍ പങ്കെടുത്ത 93% കുട്ടികളും ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ സ്വന്തമായി ഉള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 80% പേരും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവരാണ്.

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നവരില്‍ 36% പേരും അപരിചിതരുമായി ഗെയിം കളിച്ചതായി പ്രതികരിച്ചു. അതേസമയം 61% പേരും ഏതെങ്കിലും തരത്തില്‍ ഓണ്‍ലൈനില്‍ അപരിചരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 68% ആണ്‍കുട്ടികളും ഇത്തരത്തില്‍ പ്രതികരിച്ചപ്പോള്‍ 56% പെണ്‍കുട്ടികളാണ് അപരിചിതര്‍ ഓണ്‍ലൈനായി ബന്ധപ്പെട്ടതായി വ്യക്തമാക്കിയത്.

അതേസമയം ‘അപരിചിതര്‍’ മറ്റ് കുട്ടികള്‍ തന്നെയാണോ, അതോ മുതിര്‍ന്നവരാണോ എന്ന് സര്‍വേ പറയുന്നില്ല.

ലോകത്തെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം ഉപയോഗിക്കാനാവശ്യമായ കുറഞ്ഞ പ്രായം 13 ആണെങ്കിലും, സര്‍വേയില്‍ പങ്കെടുത്ത 13-ന് താഴെ പ്രായമുള്ള 84% കുട്ടികളും തങ്ങള്‍ മെസേജിങ് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തി. 74% പേര്‍ യൂട്യൂബ് ഉപയോഗിക്കുമ്പോള്‍ 47% പേര്‍ ടിക്ടോക് ഉപയോഗിക്കുന്നു. 39% പേര്‍ വാട്‌സാപ്പും, 37% പേര്‍ സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നു.

32% കുട്ടികള്‍ സ്വന്തം വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 80% പേരും ഇതിനായി ടിക്ടോക് ആണ് ഉപയോഗിക്കുന്നത്.

കോവിഡ് ലോക്ഡൗണ്‍ കാരണം മിക്ക കുട്ടികളുടെയും പഠനം ഓണ്‍ലൈന്‍ ആയതും, പുറത്തുപോയി കളിക്കാനും മറ്റും സാധിക്കാത്തതുമാണ് കുട്ടികള്‍ ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കാന്‍ കാരണമായതെന്നാണ് CyberSafeKids പറയുന്നത്.

എന്നാല്‍ അപരിചതരുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുന്നത് കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാം. ഓണ്‍ലൈനില്‍ തങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് രക്ഷിതാക്കള്‍ അറിയാന്‍ പാടില്ല എന്ന് കരുതുന്ന കുട്ടികള്‍ 22% ആണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ഓണ്‍ലൈനില്‍ ശല്യം ഉണ്ടായപ്പോള്‍ 54% കുട്ടികളും രക്ഷിതാക്കളോടോ, അവര്‍ വിശ്വസിക്കുന്ന പ്രായപൂര്‍ത്തിയായവരോടോ അക്കാര്യം തുറന്നുപറഞ്ഞു. 30% പേര്‍ ആരോടും അത് വെളിപ്പെടുത്തയുമില്ല (2019-ല്‍ ഇത് 20% ആയിരുന്നു എന്നത് ഓര്‍ക്കുക). അതിനാല്‍ത്തന്നെ കുട്ടികളുമായി തുറന്നു സംസാരിക്കാനും, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല കുട്ടികളും ഭയവും മറ്റും കാരണം തങ്ങള്‍ ഓണ്‍ലൈനില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞുകൊള്ളണമെന്നില്ല.

കുട്ടികള്‍ ഗെയിമിന് അടിമകളാകുക, മറ്റുള്ളവരാല്‍ ചൂഷണം ചെയ്യപ്പെടുക എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കള്‍ ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കുന്നതും നന്നായിരിക്കും.

Share this news

Leave a Reply

%d bloggers like this: