ഒരേ ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നവർക്കായി പുതിയ ‘Communities’ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ; എങ്ങനെ ഉപയോഗിക്കാം?

ഒരേ ഇഷ്ടങ്ങള്‍ പിന്തുടരുന്നവരെ ഒന്നിച്ചുചേര്‍ക്കുന്ന ‘Communities’ ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍. ഗ്രൂപ്പുകള്‍ക്ക് സമാനമായ രീതിയിലാണ് ട്വിറ്റര്‍ കമ്മ്യൂണിറ്റീസിന്റെ പ്രവര്‍ത്തനം. പരീക്ഷണാര്‍ത്ഥമാണ് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ട്വിറ്ററില്‍ ഫോളോവേഴ്‌സിന് എല്ലാവര്‍ക്കുമായി ട്വീറ്റ് ചെയ്യുന്ന തരത്തിലാണ് നിലവിലെ സംവിധാനം. എന്നാല്‍ കമ്മ്യൂണിറ്റി ഫീച്ചര്‍ വഴി നമുക്ക് ഏതെങ്കിലും ഒരു Community-യിലേയ്ക്ക് മാത്രമായി ട്വീറ്റ് ചെയ്യാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഈ Community-യില്‍ ഉള്ളവര്‍ക്ക് മാത്രമേ ആ ട്വീറ്റിന് റിപ്ലൈ നല്‍കാന്‍ സാധിക്കൂ. അതേസമയം ട്വീറ്റ് എല്ലാവര്‍ക്കും കാണാന്‍ സാധിക്കുകയും, ക്വോട്ട് ചെയ്യാനും, റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.

നിലവില്‍ ഏതാനും വിഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് Community ഫീച്ചര്‍ ട്വിറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. Dogs, weather, trainers, skincare, astrology തുടങ്ങിയവയാണ് നിലവിലെ കമ്മ്യൂണിറ്റികള്‍. കമ്മ്യൂണിറ്റിയില്‍ അംഗമായ ആളുകള്‍ ഇന്‍വൈറ്റ് ചെയ്യുകയോ, മോഡറേറ്റര്‍ വഴിയോ മാത്രമേ നിങ്ങള്‍ക്ക് ഒരു കമ്മ്യൂണിറ്റിയില്‍ അംഗമാകാന്‍ സാധിക്കൂ.

ഫേസ്ബുക്ക് ഗ്രൂപ്പിന് സമാനമായി കമ്മ്യൂണിറ്റി നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ മോഡറേറ്റര്‍മാര്‍ക്ക് സാധിക്കും. എന്നാല്‍ അവ ട്വിറ്റര്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം.

ഒരേ കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും, ഒരേ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ ഒരുമിപ്പിക്കുന്നതിനാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതെന്ന് ഇതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു. പരീക്ഷണാര്‍ത്ഥമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍, ആളുകള്‍ തെറ്റായ കാര്യങ്ങള്‍ക്ക് കമ്മ്യൂണിറ്റികള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്.

നിലവില്‍ iOS ഉപയോക്താക്കാള്‍ക്കും, ട്വിറ്റര്‍ വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്കും മാത്രമാണ് കമ്മ്യൂണിറ്റി ഫീച്ചര്‍ ലഭ്യമാകുക. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വഴിയുള്ള ട്വീറ്റുകള്‍ കാണാന്‍ മാത്രമെ നിലവില്‍ സാധിക്കൂ.

Share this news

Leave a Reply

%d bloggers like this: