അയർലൻഡിലെ കുടിയേറ്റക്കാർക്കുള്ള ഇമിഗ്രേഷൻ പെർമിഷൻ ഒരിക്കൽക്കൂടി നീട്ടിനൽകി; നേരത്തെ കാലാവധി നീട്ടിക്കിട്ടിയവർക്കും ആനുകൂല്യം

അയര്‍ലന്‍ഡിലെ ഇമിഗ്രേഷന്‍ പെര്‍മിഷന് ഒരിക്കല്‍ക്കൂടി താല്‍ക്കാലികമായി കാലയളവ് നീട്ടിനല്‍കി. 2022 ജനുവരി 15 വരെയാണ് കാലയളവ് നീട്ടിനല്‍കിയിരിക്കുന്നതെന്ന് നീതിന്യായവകുപ്പ് മന്ത്രി Heather Humphreys, കുടിയേറ്റ, നിയമപരിഷ്‌കരണ വകുപ്പ് മന്ത്രി James Browne എന്നിവര്‍ അറിയിച്ചു.

2021 സെപ്റ്റംബര്‍ 21-നും, 2022 ജനുവരി 15-നും ഇടയില്‍ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് താല്‍ക്കാലികമായി പെര്‍മിഷന്‍ നീട്ടി നല്‍കുക. നേരത്തെ 2020 മാര്‍ച്ച് മുതല്‍ ഇത്തരത്തില്‍ കാലാവധി അവസാനിച്ച ശേഷവും പെര്‍മിഷന്‍ നീട്ടിക്കിട്ടിയവര്‍ക്കും ഈ ഇളവ് ലഭിക്കും. Irish Residence Permit (IRP) കാലാവധി അവസാനിച്ചാലും ഇവര്‍ക്ക് 2022 ജനുവരി 15 വരെ ഇവിടെ തുടരാം.

പെര്‍മിഷന്‍ ഓട്ടോമാറ്റിക്കായി നിലവില്‍ വരുമെന്നും, പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ലെന്നും മന്ത്രി Humphreys അറിയിച്ചിട്ടുണ്ട്. അതേസമയം ഈ താല്‍ക്കാലിക പെര്‍മിഷന്‍ നീട്ടി നല്‍കല്‍ അവസാനത്തേതായിരിക്കമെന്നും, ഇമിഗ്രേഷന്‍ പെര്‍മിഷന്‍ പുതുക്കാനായി പതിവ് സംവിധാനം വഴിയുള്ള അപേക്ഷകള്‍ നല്‍കാന്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവസാന തീയതി വരെ കാത്തിരിക്കുന്നത് കൃത്യസമയത്ത് പുതുക്കാന്‍ കഴിയാതിരിക്കുകയും, പെര്‍മിഷന്‍ കാലാവധി തീരുന്ന സാഹചര്യത്തിലേയ്ക്ക് നയിക്കുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കാര്‍ഡ് പുതുക്കാനായി Burgh Quay-ല്‍ അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. ഡബ്ലിനില്‍ താമസിക്കുന്നവര്‍ക്ക് https://inisonline.jahs.ie വഴി ഓണ്‍ലൈനായും അപേക്ഷ നല്‍കാം.

ഡബ്ലിന് പുറത്തുള്ളവരുടെ അപേക്ഷ Garda National Immigration Bureau ആണ് പരിഗണിക്കുക. ഇതിനായി വിവിധ ഗാര്‍ഡ സ്റ്റേഷനുകളെ ബന്ധപ്പെടാം. അപേക്ഷ നല്‍കാവുന്ന സ്റ്റേഷനുകളുടെ വിവരങ്ങള്‍: www.garda.ie/en/contact-us/station-directory

വിദേശികളായ വിദ്യാര്‍ത്ഥികള്‍

സ്റ്റാംപ് 2 വിസ വഴി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് കാലത്ത് നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെങ്കില്‍, വരുന്ന ആഴ്ചകളില്‍ അതിന് സാധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കും ജനുവരി 15 വരെ രാജ്യത്ത് തുടരാന്‍ പെര്‍മിഷന്‍ നീട്ടിനല്‍കും.

മൂന്ന് ലാംഗ്വേജ് കോഴ്‌സുകളും പൂര്‍ത്തിയാക്കിയ വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് Interim List of Eligible Programmes (ILEP)-മായി ബന്ധപ്പെടുകയും, ജനുവരി 15 വരെ മറ്റ് കോഴ്‌സുകളില്‍ ചേരാതെ തന്നെ രാജ്യത്ത് തുടരുകയുമാകാം. എന്നാല്‍ അതിന് ശേഷവും ഇവിടെ തുടരണമെങ്കില്‍ പുതിയ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ ലഭിച്ചിരിക്കണം.

അതേസമയം രാജ്യത്തെ നഴ്‌സിങ്/മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് IELP നിബന്ധന പാലിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്. കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 85% അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

1G വിസ കൈവശമുള്ള തേര്‍ഡ് ലെവല്‍ ഗ്രാജ്വേറ്റ്‌സിന് കോവിഡ് കാലത്ത് ജോലി ചെയ്യാന്‍ സാധിച്ചിരുന്നില്ലെങ്കില്‍, പെര്‍മിഷന്‍ 12 മാസത്തേയ്ക്ക് കൂടി നീട്ടിക്കിട്ടാന്‍ നീതിന്യായ വകുപ്പുമായി ബന്ധപ്പെടാം. നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ സ്റ്റാംപ് 2 വിസ കൈവശമുള്ളവര്‍ക്ക് 1G വിസയിലേയ്ക്ക് മാറുകയുമാകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irishimmigration.ie/wp-content/uploads/2021/05/Third-level-graduate-programme.pdf

പെര്‍മിഷന്‍ പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് (2020 ഡിസംബര്‍ 2 മുതല്‍ നിലവില്‍ വന്ന മാറ്റം) അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: