ഡോണഗലിൽ വാക്‌സിൻ വിരുദ്ധർ നിർബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ച കോവിഡ് രോഗി മരിച്ചു

വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ ഡോണഗലിലെ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ച കോവിഡ് രോഗി മരിച്ചു. Joe McCarron എന്ന 75-കാരനാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് Letterkenny University Hospital വച്ച് വെള്ളിയാഴ്ച മരിച്ചത്. ഇദ്ദേഹം ഏതാനും നാളുകളായി കോവിഡ് ബാധയ്ക്ക് ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ ചികിത്സിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാക്‌സിന്‍ വിരുദ്ധര്‍ ഇദ്ദേഹത്തെ സമീപിക്കുകയും, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ലഭിക്കാനായി നിര്‍ബന്ധിച്ച് രേഖയില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്തത്. ഇവര്‍ ഇദ്ദേഹത്തിന്റെ പരിചയക്കാരായിരുന്നു എന്നാണ് കരുതുന്നത്. ഈ സംഭവം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും, പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു.

McCarron-നെ നിര്‍ബന്ധിതമായി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നായിരുന്നു Freedom on the Land Movement എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിവരുന്ന വാക്‌സിന്‍ വിരുദ്ധരുടെ വാദം. ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും പുറത്തിറക്കുന്ന വീഡിയോ ഇവര്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇദ്ദേഹത്തോട് ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ അപേക്ഷിക്കുന്നതും കാണാം. എന്നാല്‍ ആശുപത്രിയില്‍ തുടര്‍ന്നാല്‍ താങ്കള്‍ മരിക്കുമെന്നായിരുന്നു വാക്‌സിന്‍ വിരുദ്ധര്‍ രോഗിയോട് പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഡിസ്ചാര്‍ജ്ജായി രണ്ട് ദിവത്തിനകം രോഗം മൂര്‍ച്ഛിച്ചതോടെ ഇദ്ദേഹത്തെ വീണ്ടും വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായം നല്‍കിയ ഇദ്ദേഹം ആരോഗ്യനിലയില്‍ ആദ്യം പുരോഗതി കാണിച്ചെങ്കിലും പിന്നീട് രോഗം വഷളാവുകയും, വെള്ളിയാഴ്ചയോടെ മരണപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരെ McCarron-ന്റെ ബന്ധുക്കള്‍ രംഗത്തെത്തി. നേരത്തെ വാക്‌സിന്‍ വിരുദ്ധരുടെ പ്രവൃത്തിയില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഹോസ്പിറ്റല്‍ അധികൃതരോട് മാപ്പപേക്ഷിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: