കോവിഡ് കാലത്തെ വിരസതയ്ക്കിടെ അയർലൻഡ് മലയാളി സുജാൽ ചെറിയാൻ നിർമ്മിച്ചത് പ്രൊഫഷണലുകളെ വെല്ലുന്ന മനോഹരമായ പൂന്തോട്ടം; ആ കഥ വായിക്കാം

കോവിഡ് മഹാമാരി നമ്മളില്‍ മിക്കവരെയും വീടുകളില്‍ തന്നെ തളച്ചിട്ട നാളുകളില്‍ ഏറെ നാളത്തെ ഒരു സ്വപ്‌നം പൂര്‍ത്തീകരിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അയര്‍ലന്‍ഡ് മലയാളിയായ സുജാല്‍ ചെറിയാന്‍. വീട്ടിലെ ഒഴിഞ്ഞ സ്ഥലത്ത് മനോഹരമായ ഒരു പൂന്തോട്ടം സ്വയം നിര്‍മ്മിച്ചാണ് സുജാല്‍ കോവിഡ് കാലത്തെ വിരസതയെ മറികടന്നിരിക്കുന്നത്. അതാകട്ടെ കണ്ണിനും മനസിനും കുളിര്‍മ്മയേകുന്ന മനോഹര കാഴ്ചയായി മാറുകയും ചെയ്തിരിക്കുന്നു.

ഡബ്ലിനിലെ Tyrrelstown-ല്‍ താമസിക്കുന്ന സുജാല്‍ ആറ് മാസം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് പ്രൊഫഷണല്‍ ഗാര്‍ഡനുകളെ വെല്ലുന്ന തരത്തില്‍ തന്റെ വീട്ടില്‍ മനോഹരമായ ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. വെറും പൂച്ചെടികള്‍ മാത്രമല്ല, കല്ലുകള്‍ പാകിയ, മതിലുകള്‍ അതിരുതീര്‍ക്കുന്ന, പുല്‍മെത്തകള്‍ വിരിച്ച അസ്സല്‍ ലക്ഷ്വറി പൂന്തോട്ടം തന്നെയാണ് ഇദ്ദേഹത്തിന്റെ കരവിരുതില്‍ വിരിഞ്ഞത്. ഒപ്പം മീനുകള്‍ നീന്തിക്കളിക്കുന്ന മനോഹരമായ അക്വേറിയം പിറവിയെടുത്തതും സുജാലിന്റെ ഭാവനയില്‍ തന്നെ. പൂന്തോട്ടത്തിന് സമീപമുള്ള ഇരിപ്പിടങ്ങളും, വര്‍ണ്ണാഭമായ ആര്‍ട്ട് വര്‍ക്കും കൂടിയായപ്പോള്‍ ഒരു ആഡംബര ഹോട്ടലിന്റെ ഗാര്‍ഡനില്‍ നില്‍ക്കുന്ന പ്രതീതിയാണ് സുജാലിന്റെ വീടിന് പിന്നാമ്പുറത്തെ ഈ പൂന്തോട്ടത്തില്‍.

Tesco-യില്‍ ഡ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന സുജാല്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജോലിത്തിരിക്കുകളിലായിരിക്കും. ശേഷം ലഭിക്കുന്ന ഒഴിവുദിനങ്ങളുപയോഗിച്ച് ആറ് മാസം കൊണ്ടാണ് ഇദ്ദേഹം വീടിന് പിന്നില്‍ ഉപയോഗിക്കാതെ കിടന്ന പ്രദേശം ആരും കൊതിക്കുന്ന പൂങ്കാവനമാക്കിത്തീര്‍ത്തത്. പുറത്തുനിന്ന് ആരുടയെും സഹായമില്ലാതെ സ്വന്തം ഭാവനയും, കഠിനാദ്ധ്വാനവും തന്നെയാണ് സുജാലിന്റെ പൂന്തോട്ടത്തിന് പിന്നില്‍. നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ സമീപത്തെ കടകളില്‍ നിന്നാണ് വാങ്ങിയത്. കോവിഡ് കാരണം അവധിയാഘോഷങ്ങള്‍ വേണ്ടെന്ന് വച്ച ഇദ്ദേഹം ആ സമയവും, പണവും ഗാര്‍ഡന്‍ നിര്‍മ്മാണത്തിനായി മാറ്റിവച്ചു.

പൂന്തോട്ടം കാണുന്ന ആരും ഗാര്‍ഡനിങ്ങില്‍ മുന്‍പരിചയമൊന്നുമില്ലാത്ത സുജാല്‍ ഒരു ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുമെന്ന് തീര്‍ച്ച.

സുജാലിന്റെ ഭാര്യ മേരി ജോസഫ് Coombe Hospital-ല്‍ നഴ്‌സിങ് മാനേജറാണ്. ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥിയായ ഇവാന്‍, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി നാഥാനിയ എന്നിവര്‍ മക്കള്‍.

Share this news

Leave a Reply

%d bloggers like this: