ആശുപത്രിയിൽ വച്ച് മരിച്ച കുഞ്ഞുങ്ങളുടെ ശരീരങ്ങൾ വിദേശത്തേയ്ക്ക് കയറ്റിയയച്ച് ദഹിപ്പിച്ച സംഭവം; മാതാപിതാക്കളോട് ക്ഷമ ചോദിച്ച് Cork University Maternity Hospital

മാസം തികയാതെ പ്രസവിച്ച് മരിച്ചുപോയ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ വിദേശത്ത് വച്ച് ദഹിപ്പിക്കപ്പെട്ട സംഭവത്തില്‍ കുഞ്ഞുങ്ങളുടെ കുടുംബങ്ങളോട് ക്ഷമ ചോദിച്ച് The South/ South West Hospital Group (SSWHG)-ഉം Cork University Maternity Hospital (CUMH)-ഉം. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയായിരുന്നു പ്രസവത്തിന് മുമ്പും, പ്രസവശേഷവും മരിച്ചുപോയ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ വിദേശത്തേയ്ക്ക് അയച്ചത്. 2020-ല്‍ ഇത്തരത്തില്‍ രണ്ട് തവണയായി 18 കുഞ്ഞുങ്ങളുടെ ശരീരങ്ങളാണ് ക്ലിനിക്കല്‍ മാലിന്യങ്ങള്‍ക്കൊപ്പം ആശുപത്രി ബെല്‍ജിയത്തിലേയ്ക്ക് അയച്ചത്.

സംഭവത്തില്‍ വളരെയധികം ഖേദിക്കുന്നതായും, ഗുരുതരമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് SSWHG വക്താവ് പ്രതികരിച്ചു. CUMH-ന്റെ നടത്തിപ്പുകാര്‍ SSWH ഗ്രൂപ്പാണ്. കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ദാരുണമായ ഈ സംഭവത്തെപ്പറ്റി RTE നടത്തിയ അന്വേഷണത്തെത്തുടര്‍ന്നുള്ള വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

2020 ഏപ്രില്‍ അവസാനം സംഭവത്തെപ്പറ്റി അറിഞ്ഞതോടെ മെയ് 11, 12 തീയതികളിലായി ആശുപത്രി മാനേജ്‌മെന്റ് കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. കുടുംബാംഗങ്ങളെ വിവരമറിയിക്കുക എന്നത് വിഷമകരമായ നടപടിയായതിനാല്‍ Cork University Maternity Hospital (CUMH) ആണ് വിവരമറിയിക്കാന്‍ മുന്‍കൈയെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

ആശുപത്രിയില്‍ വച്ച് പ്രസവത്തിന് മുമ്പോ, ശേഷമോ മരിച്ചുപോയ കുട്ടികളുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരങ്ങള്‍ 2019 മെയ് മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു മാലിന്യങ്ങളോടൊപ്പം ബെല്‍ജിയത്തിലെയേക്ക് കയറ്റിയയച്ചത്. ഇവ 2020 മാര്‍ച്ച് 25, ഏപ്രില്‍ 2 തീയതികളിലായി അവിടെ വച്ച് ദഹിപ്പിച്ചു.

ഇത്തരത്തില്‍ മരിച്ചുപോയ കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ചില രക്ഷിതാക്കള്‍ക്ക്, ശരീരം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടില്ലെന്നും, ദഹിപ്പിക്കപ്പെട്ടു എന്നും മറുപടി ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

അതേസമയം സംഭവത്തെപ്പറ്റി Cork University Hospital നടത്തുന്ന അന്വേഷണം കാലതാമസം നേരിടുന്നതിലും രോഷമുയരുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറോടെ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കുടുംബാംഗങ്ങളുമായും, HSE-യുമായും പങ്കുവയ്ക്കും.

കോവിഡ് കാരണമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുമെന്ന ആശങ്കയില്‍ മോര്‍ച്ചറിയില്‍ കൂടുതല്‍ സ്ഥലം വേണ്ടിവന്നതിനാലായിരുന്നു കുട്ടികളുടെ ശരീരങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റിയയച്ചതെന്നാണ് ആശുപത്രി വക്താവ് പറയുന്നത്. രാജ്യത്ത് 80,000 മുതല്‍ 100,000 വരെ കോവിഡ് മരണങ്ങളുണ്ടായേക്കുമെന്ന പ്രവചനമായിരുന്നു നടപടിക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

സംഭവത്തില്‍ പരിശോധന നടത്തുമെന്ന് സാൂഹികക്ഷേമ വകുപ്പ് മന്ത്രി Heather Humphreys നേരത്തെ പറഞ്ഞിരുന്നു. നിരവധി TD-മാരും ആശുപത്രിക്കെതിരെ രംഗത്തുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: