അയർലൻഡിലെ ആരോഗ്യപ്രവർത്തകർക്കുള്ള ബോണസ് പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുത്തില്ല: പ്രധാനമന്ത്രി

അയര്‍ലന്‍ഡിലെ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്ത മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ബോണസ് ഈ വരുന്ന ബജറ്റില്‍ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഇത് ഒരു ‘ബജറ്റ് പ്രശ്‌നം’ അല്ലെന്നും ഡബ്ലിനില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ബജറ്റ് ദിവസം ബോണസ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞതിന് കടകവിരുദ്ധമായ കാര്യമാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്.

ഒറ്റത്തണ നല്‍കപ്പെടുന്ന ധനസഹായം, വാര്‍ഷിക ലീവ് തുടങ്ങിയ രീതികളില്‍ ബോണസ് നല്‍കാനാണ് Public Expenditure Minister Michael McGrath, Finance Minister Paschal Donohoe എന്നിവര്‍ ആലോചിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബോണസ് ആവശ്യം മാസങ്ങളായി വിവിധ യൂണിയനുകളില്‍ നിന്നുയരുന്ന സാഹചര്യത്തിലും വ്യക്തമായ തീരുമാനമാകാതെ നീളുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അസ്വസ്ഥരാണ്.

കോവിഡ് കാലത്ത് നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന വടക്കന്‍ അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മുന്‍നിര ജോലിക്കാര്‍ക്ക് നേരത്തെ തന്നെ അതാത് സര്‍ക്കാരുകള്‍ ബോണസ് തുക അനുവദിച്ചിരുന്നു. എന്നാല്‍ അയര്‍ലന്‍ഡില്‍ ഇത്തരത്തില്‍ സഹായം നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നത്. പക്ഷേ സമ്മര്‍ദ്ദം തുടര്‍ന്നതോടെ ബോണസ് നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.

കോവിഡ് കാലത്തെ മുന്‍നിര പ്രവര്‍ത്തകര്‍ എന്ന വിഭാഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമല്ലെന്നും, ഡ്രൈവര്‍മാര്‍, ഗാര്‍ഡ തുടങ്ങിയവരും ഉള്‍പ്പെടുമെന്നും സര്‍ക്കാരില്‍ നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്. ഇതില്‍ കൃത്യമായി തീരുമാനമെടുക്കാന്‍ സാധിക്കാത്തതാണ് ബോണസ് തീരുമാനം നീളാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രിയും ഇന്നലെ വെളിപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: