Regency Hotel വെടിവെപ്പിൽ കുറ്റം ചുമത്തിയ ജെറാർഡ് ഹച്ചിനെ കോടതിയിൽ ഹാജരാക്കി; സ്‌പെയിനിൽ നിന്നും വിമാനമാർഗ്ഗം എത്തിച്ചത് അതീവ സുരക്ഷയിൽ

കിനഹാന്‍ കുറ്റവാളി സംഘാംഗമായിരുന്ന ഡേവിഡ് ബൈറണെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഹച്ച് സംഘത്തലവനായ ജെറാര്‍ഡ് ഹച്ചിനെ കോടതിയില്‍ ഹാജരാക്കി. സ്‌പെയിനില്‍ വച്ച് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ട ‘ദി മങ്ക്’ എന്നറിയപ്പെടുന്ന ഹച്ചിനെ ബുധനാഴ്ചയാണ് Irish Air Corps കനത്ത സുരക്ഷയില്‍ അയര്‍ലന്‍ഡിലെത്തിച്ചത്.

2016 ഫെബ്രുവരി 5-ന് ഡബ്ലിനിലെ വൈറ്റ് ഹാളിലുള്ള Regency Hotel-ല്‍ വച്ച് നടന്ന വെടിവെപ്പ് ആസൂത്രണം ചെയ്തത് ഹച്ചാണെന്നാണ് കേസ്. കിനഹാന്‍ സംഘത്തലവന്റെ മകനായ ക്രിസ്റ്റി കിനഹാനെ ഉദ്ദേശിച്ചായിരുന്നു വെടിവെപ്പ് നടത്തിയതെന്നാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. എന്നാല്‍ കൊല്ലപ്പെട്ടത് ബൈറണ്‍ (34) ആയിരുന്നു

ഇന്നലെ വൈകുന്നേരത്തോടെ അയര്‍ലന്‍ഡിലെത്തിച്ച 58-കാരനായ ഹച്ചിനെ, രാത്രി 8 മണിക്ക് പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് ഹാജരാക്കിയത്. ഗാര്‍ഡ അതീവസുരക്ഷയാണ് ഇയാള്‍ക്ക് നല്‍കിയിരുന്നത്. കോടതി സമയത്തിന് ശേഷമായിരുന്നു ഹച്ചിനായി പ്രത്യേക സിറ്റിങ്. കേസില്‍ 2022 ഒക്ടോബര്‍ 3 മുതല്‍ വാദമാരംഭിക്കാന്‍ കോടതി തീരുമാനിച്ചു. ഹച്ചിനൊപ്പം ബൈറന്റെ കൊലപാതകത്തില്‍ കേസ് ചുമത്തപ്പെട്ട നാല് പേരുടെ കൂടി വിചാരണ ഇതേദിവസം ആരംഭിക്കും.

വര്‍ഷങ്ങളായി തുടരുന്ന ഹച്ച്-കിനഹാന്‍ സംഘങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് ഡേവിഡ് ബൈറന് ജീവന്‍ നഷ്ടപ്പെടുന്നത്. 2015-ല്‍ ജെറാര്‍ഡ് ഹച്ചിന്റെ മരുമകനെ കിനഹാന്‍ സംഘം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സംഘങ്ങള്‍ തമ്മിലുള്ള വൈരം ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് ഇന്നുവരെ 18 പേരാണ് ഇരു സംഘങ്ങളിലുമായി കൊല്ലപ്പെട്ടത്.

ബൈറന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ഫെബ്രുവരി 8-ന് ഹച്ചിന്റെ സഹോദരന്‍ എഡ്ഡി ഹച്ച് സീനിയറും കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയത് കിനഹാന്‍ സംഘമാണെന്നാണ് കരുതപ്പെടുന്നത്. എഡ്ഡിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം അയര്‍ലന്‍ഡില്‍ നിന്നും കടന്നുകളഞ്ഞ ഹച്ച്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌പെയിനിലാണ് അറസ്റ്റിലാകുന്നത്. ഇയാളെ പിടികൂടാനായി ഹൈക്കോടതി യൂറോപ്യന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് സ്പാനിഷ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: