ഇന്ത്യൻ പൗരന്മാർക്ക് ഇളവ് നൽകിയില്ലെങ്കിൽ തിരിച്ചും ഇല്ല; യു.കെ പൗരന്മാർ ഇന്ത്യയിൽ ക്വാറന്റീനിൽ പ്രവേശിക്കണമെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉത്തരവിറക്കി ഇന്ത്യ

ഇന്ത്യന്‍ പൗരന്മാര്‍ യു.കെ സന്ദര്‍ശിക്കുമ്പോള്‍ വാക്‌സിന്‍ എടുത്തവരായാലും കോവിഡ്-19 ടെസ്റ്റും, 10 ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കണമെന്ന നിബന്ധനയെത്തുടര്‍ന്ന് സമാന നിയന്ത്രണം പുറപ്പെടുവിച്ച് ഇന്ത്യയും. യു.കെയുടെ നിയന്ത്രണങ്ങള്‍ വിവേചനപരമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് യു.കെ പൗരന്മാര്‍ ഇനി മുതല്‍ ഇന്ത്യയിലെത്തുമ്പോഴും കോവിഡ് ടെസ്റ്റും 10 ദിവസത്തെ ക്വാറന്റൈനും ഇന്ത്യ നിര്‍ബന്ധമാക്കിയത്. യു.കെ നിയന്ത്രണം ഇളവ് ചെയ്തില്ലെങ്കില്‍ സമാനനടപടി സ്വീകരിക്കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്കില്‍ വച്ച് യു.കെ വിദേശകാര്യ സെക്രട്ടറിയുമായി ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും യു.കെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

യു.കെയില്‍ അംഗീകരിച്ച AstraZeneca-യുടെ ഇന്ത്യന്‍ വകഭേദമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ്. പക്ഷേ ഈ വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് നല്‍കാന്‍ യു.കെ തയ്യാറാകാത്തതിലാണ് ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. യു.കെയിലെ ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്.

വാക്‌സിന്‍ എടുത്തവരായാലും ഇനി മുതല്‍ യു.കെയില്‍ നിന്നും വരുന്ന പൗരന്മാര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ RT-PCR ടെസ്റ്റ് എടുക്കണം. ഇന്ത്യയിലെത്തിയ ശേഷം ഒരു തവണ കൂടി ടെസ്റ്റ് നടത്തുകയും, എട്ട് ദിവസത്തിന് ശേഷം മൂന്നാമത് ഒരു ടെസ്റ്റ് കൂടി നടത്തുകയും വേണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് 10 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം. തിങ്കളാഴ്ച മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

നേരത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പലതും ഇളവ് ചെയ്യുന്നതായി പ്രഖ്യാപിച്ച യു.കെ, ലോകത്തെ പല രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വാക്‌സിനേറ്റഡ് ആയവര്‍ക്ക് യു.കെയില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഏത് വാക്‌സിനാണ് എടുത്തതെന്നും മറ്റുമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം വരുമെന്നതിനാല്‍ യു.എസ്, യു.കെ, യൂറോപ്പ് എന്നിവിടങ്ങളില്‍ അംഗീകാരം ലഭിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി ഈ ഇളവുകള്‍ പരിമിതപ്പെടുത്തി. അല്ലെങ്കില്‍ യു.കെ അംഗീകരിച്ച ആരോഗ്യവകുപ്പുകളായിരിക്കണം വാക്‌സിന്‍ നല്‍കുന്നത്. ഇതെത്തുടര്‍ന്ന് ഏഷ്യ, കരീബിയ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലുള്ള ഒരുപിടി രാജ്യങ്ങളിലെ ആരോഗ്യവകുപ്പുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇന്ത്യയെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: