എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; കരാർ ഒപ്പിട്ടത് 18,000 കോടിക്ക്

ഇന്ത്യയുടെ പൊതുവിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി ബിസിനസ് ഭീമന്മാരായ ടാറ്റയ്ക്ക് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് യൂണിയന്‍ സര്‍ക്കാര്‍ ഉമടസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനഘട്ട ലേലത്തില്‍ സ്‌പൈസ് ജെറ്റിനെ കടത്തിവെട്ടിയാണ് ടാറ്റ കരാറില്‍ ഒപ്പുവച്ചത്.

അതേസമയം ടാറ്റയ്ക്കിത് തങ്ങളുടെ പഴയൊരു ബിസിനസിന്റെ വീണ്ടെടുക്കലുമാണ്. 1932-ല്‍ ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസന്‍സ് നേടിയ ആള്‍ കൂടിയായ ജെ.ആര്‍.ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. അന്ന് ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു കമ്പനിയുടെ പേര്. കറാച്ചിയില്‍ നിന്നും ബോംബേയിലേയ്ക്കായിരുന്നു വിമാനത്തിന്റെ ആദ്യ യാത്ര.

പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ശേഷം 1950-കളില്‍ കമ്പനിയെ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുസ്ഥാപനമാക്കി മാറ്റി. അന്ന് മുതലാണ് എയര്‍ ഇന്ത്യ എന്ന പേര് നല്‍കപ്പെട്ടത്. ആദ്യ കാലത്ത് വളരെയേറെ മികച്ച സര്‍വീസുകളും ബിസിനസുകളുമായി എയര്‍ ഇന്ത്യ സര്‍ക്കാരിന് വലിയ മുതല്‍ക്കൂട്ടായെങ്കിലും ചെലവ് കുറഞ്ഞ നിരവധി സ്വകാര്യ വിമാനക്കമ്പനികള്‍ പൊട്ടിമുളച്ചതോടെ ബിസിനസ് താഴോട്ടായി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍ കടക്കെണിയിലും നഷ്ടത്തിലുമായിരുന്ന എയര്‍ ഇന്ത്യയ്ക്കായി വലിയൊരു തുകയായിരുന്നു ഓരോ വര്‍ഷവും ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചെലവിട്ടുകൊണ്ടിരുന്നത്. കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനായി ഏതാനും വര്‍ഷങ്ങളായി ശ്രമമുണ്ടെങ്കിലും മോദി സര്‍ക്കാരാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. ഇതിനിടെ പൊതുമുതലുകളും സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്ന മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമുയരുന്നുണ്ട്.

അതേസമയം ‘എയര്‍ ഇന്ത്യ, തിരിച്ചുവരവിന് സ്വാഗതം’ എന്നാണ് ടാറ്റാ സണ്‍സിന്റെ നിലവിലെ മേധാവിയായ രത്തന്‍ ടാറ്റ കരാര്‍ ഒപ്പിട്ട ശേഷം ട്വിറ്ററില്‍ കുറിച്ചത്. വ്യോമയാനരംഗത്ത് ഇത് മൂന്നാമത്തെ ബ്രാന്‍ഡാണ് ടാറ്റയ്ക്ക് എയര്‍ ഇന്ത്യ. എയര്‍ ഏഷ്യ, വിസ്താര എന്നീ വിമാനക്കമ്പനികളുടെ ഭൂരിഭാഗം ഓഹരിയും ടാറ്റയുടെ കൈകളിലാണ്.

Share this news

Leave a Reply

%d bloggers like this: