വാട്ടർഫോർഡിൽ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി

വാട്ടര്‍ഫോര്‍ഡില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി. Waterford Circuit Criminal Court-ല്‍ വെള്ളിയാഴ്ച നടന്ന അവസാനഘട്ട വിചാരണയില്‍ എട്ടംഗ ജൂറി, സ്ത്രീ നരഹത്യ നടത്തിയതിന് കുറ്റക്കാരിയെന്ന് ഏകകണ്‌ഠേന പ്രസ്താവിച്ചു.

2018-ല്‍ Cork Road-ലെ Caredoc centre-ല്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടറെ കാണാനായി എത്തിയ സ്ത്രീ, സെന്ററിലെ ടോയ്‌ലറ്റില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുഞ്ഞിനെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ വേണ്ടവിധം പരിപാലിക്കുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയതായും ജൂറി കണ്ടെത്തി.

നിയമപ്രകാരം കുട്ടിയെ സംരക്ഷിക്കേണ്ട കടമ അമ്മയ്ക്കുണ്ടെന്നും, പ്രതി ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും വിധി പ്രസ്താവത്തില്‍ ജൂറി വ്യക്തമാക്കി. ഇതാണ് കുഞ്ഞിന്റെ മരണത്തിലേയ്ക്ക് നയിച്ചത്. ആഗ്രഹിച്ച് ഗര്‍ഭിണിയായതല്ലെങ്കില്‍ പോലും ജനിച്ച കുഞ്ഞിനെ ബിന്നില്‍ ഉപേക്ഷിക്കുന്നതിന് അത് ന്യായീകരണമെല്ലെന്നും പ്രോസിക്യൂഷന്‍ സീനിയര്‍ കൗണ്‍സല്‍ Fiona Murphy പറഞ്ഞു.

ഗര്‍ഭിണിയായിരുന്ന പ്രതിയോട് ഡോക്‌റുടെ സേവനം ലഭ്യമാക്കാന്‍ ഇവരുടെ അമ്മ പലതവണ പറഞ്ഞെങ്കിലും, പ്രതി ആദ്യം അതിന് തയ്യാറായില്ലെന്നും കോടതിയില്‍ വ്യക്തമായി. ഒടുവില്‍ ഡോക്ടറെ കാണാനായി അമ്മയോടൊപ്പം Caredoc centre-ല്‍ എത്തി. ഗര്‍ഭിണിയായ ഇവര്‍ ടോയ്‌ലറ്റില്‍ കയറുന്നതും, 13 മിനിറ്റുകള്‍ക്ക് ശേഷം തിരികെ വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ സമയത്തിനിടെ ഇവര്‍ കുഞ്ഞിന് ജന്മം നല്‍കി ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇക്കാര്യങ്ങളൊന്നും തന്നെ പ്രതി സ്വന്തം അമ്മയോടോ ഡോക്ടറോടോ പറഞ്ഞിരുന്നില്ല. താന്‍ 25 ആഴ്ച ഗര്‍ഭിണിയാണെന്ന് കള്ളം പറയുകയാണ് ചെയ്തത്. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ ഇത് കള്ളമാണെന്ന് മനസിലായ ഡോക്ടര്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ പ്രസവശേഷം ബിന്നില്‍ ഉപേക്ഷിച്ച കാര്യം വെളിപ്പെട്ടു. പക്ഷേ അപ്പോഴേയ്ക്കും മണിക്കൂറുകളോളം ബിന്നില്‍ കിടന്ന കുഞ്ഞ് മരണപ്പെട്ടിരുന്നു.

ജനുവരിയിലാണ് പ്രതിക്കുള്ള ശിക്ഷ വിധിക്കുക.

Share this news

Leave a Reply

%d bloggers like this: