കുടിയേറ്റക്കാരനെ വിമാനത്തിൽ കയറ്റാതെ റയാൻ എയർ; സ്പെയിനിലേയ്ക്ക് യാത്ര ചെയ്യാൻ വിസ വേണമെന്ന് വിചിത്ര വാദം; ഒടുവിൽ ഖേദപ്രകടനം

അയര്‍ലണ്ടില്‍ നിന്നും സ്‌പെയിനിലേയ്ക്ക് യാത്ര ചെയ്യാനായി വിസ വേണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റക്കാരന്റെ യാത്ര തടഞ്ഞ സംഭവത്തില്‍ മാപ്പ് പ്രകടിപ്പിച്ച് റയാന്‍ എയര്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെപ്റ്റംബര്‍ 25-നായിരുന്നു സംഭവം.

ഐറിഷ് അഭയാര്‍ത്ഥി രേഖകള്‍ കൈവശമുള്ളയാളും, കഴിഞ്ഞ ഏഴ് വര്‍ഷമായി അയര്‍ലണ്ടില്‍ താമസിക്കുകയും ചെയ്യുന്ന വെനസ്വേലന്‍ സ്വദേശിയായ കാര്‍ലോസ് വെലാസ്‌കസിനാണ് ദുരനുഭവമുണ്ടായത്. സ്‌പെയിനിലെ മഡ്രിഡില്‍ തന്റെ രോഗിയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് വിമാനം കയറാനാണ് ഇദ്ദേഹം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയത്. എന്നാല്‍ സ്‌പെയിനിലേയ്ക്ക് പോകാന്‍ വിസ വേണമെന്ന് റയാന്‍ എയര്‍ ചെക്ക്-ഇന്‍ ഉദ്യോഗസ്ഥ ആവശ്യപ്പെടുകയായിരുന്നു. താന്‍ പലവട്ടം വിസയില്ലാതെ യൂറോപ്പിലാകമാനം സഞ്ചരിച്ചിട്ടുണ്ടെന്ന് കാര്‍ലോസ് പറഞ്ഞ കാര്‍ലോസ് അഭയാര്‍ത്ഥി രേഖകള്‍ കാണിച്ചെങ്കിലും, എയര്‍പോര്‍ട്ട് അധികൃതരുമായി സംസാരിച്ച് ഉറപ്പ് വരുത്തണമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ പക്ഷം.

അധികൃതരുമായി സംസാരിച്ച് തിരികെയെത്തിയ ശേഷവും ഇവര്‍ വിസ വേണമെന്നാണ് കാര്‍ലോസിനോട് പറഞ്ഞത്.

തനിക്ക് മറ്റുള്ള യാത്രക്കാരുടെ മുമ്പില്‍ നാണം കെട്ടതായി തോന്നിയെന്നും, റയാന്‍ എയര്‍ തന്നെ ഒരു രണ്ടാംതരം പൗരനെ പോലെയാണ് പരിഗണിച്ചതെന്നും കാര്‍ലോസ് പിന്നീട് Irish Times-നോട് പറഞ്ഞു.

1960-ലെ യൂറോപ്യന്‍ അഭയാര്‍ത്ഥി വിസ കരാര്‍ പ്രകാരം, അയാര്‍ത്ഥി രേഖകള്‍ കൈവശമുള്ളവര്‍ക്ക് യൂറോപ്പിലെ ഏത് രാജ്യത്തും വിസ കൂടാതെ പ്രവേശിക്കാം. ഇത്തരത്തില്‍ ഈ രാജ്യങ്ങളില്‍ മൂന്ന് മാസം വരെ വിസ കൂടാതെ താമസിക്കുകയും ചെയ്യാം. കരാറില്‍ 1969-ല്‍ അയര്‍ലണ്ടും ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ ഇതേപ്പറ്റി കൃത്യമായ ധാരണയില്ലാത്ത റയാന്‍ എയര്‍ ഉദ്യോഗസ്ഥരും, എയര്‍പോര്‍ട്ട് അധികൃതരും കാര്‍ലോസിന്റെ യാത്ര തടയുകയായിരുന്നു.

യാത്ര തടഞ്ഞതോടെ ടിക്കറ്റിന്റെ പണം തിരികെ നല്‍കാന്‍ കാര്‍ലോസ് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നും, വിസ കൈവശം കരുതേണ്ടത് കാര്‍ലോസിന്റെ ബാധ്യതയായിരുന്നുവെന്നുമാണ് റയാന്‍ എയര്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് വീട്ടിലെത്തിയ കാര്‍ലോസ് സ്പാനിഷ് എംബസിയുമായി ബന്ധപ്പെടുകയും, വിസ ഇല്ലാതെ യാത്ര ചെയ്യാമെന്ന് കാണിക്കുന്ന രേഖ എംബസി കാര്‍ലോസിന് നല്‍കുകയും ചെയ്തു. ഇതുമായി പിറ്റേന്ന് എയര്‍പോര്‍ട്ടിലെത്തിയ കാര്‍ലോസ് റയാന്‍ എയര്‍ അധികൃതരെ ഇത് കാണിച്ചെങ്കിലും അവര്‍ അപ്പോഴും യാത്രയ്ക്ക് അനുവദിച്ചില്ല. ഇതോടെ രണ്ടാം ടെര്‍മിനലില്‍ മഡ്രിഡിലേയ്ക്ക് പോകുന്ന എയര്‍ ലിംഗസ് വിമാനത്തിന്റെ അധികൃതരെ ഇദ്ദേഹം സന്ദര്‍ശിക്കുകയും, അവര്‍ ഇദ്ദേഹത്തെ ടിക്കറ്റ് നല്‍കി യാത്രയ്ക്ക് അനുവദിക്കുകയും ചെയ്തു. മഡ്രിഡിലും ഇദ്ദേഹത്തിന് ചെക്ക് ഔട്ട് പ്രശ്‌നങ്ങളൊന്നും തന്നെയുണ്ടായില്ല.

ശേഷം തിരികെ യാത്രയില്‍ മഡ്രിഡിലെ റയാന്‍ എയര്‍ സ്റ്റാഫ് മാന്യമായാണ് പെരുമാറിയതെന്നും, ചെക്ക്-ഇന്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നും കാര്‍ലോസ് പറയുന്നു. ഡബ്ലിനിലെ അധികൃതര്‍ക്ക് മാത്രമാണ് എതിര്‍പ്പുണ്ടായിരുന്നതെന്നും, അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കാര്‍ലോസ് പറയുന്നു.

തിരികെയെത്തിയ കാര്‍ലോസ് റയാന്‍ എയര്‍ ഉന്നത അധികൃതരെ ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു പരാതി നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ നിയമങ്ങളെ പറ്റി ബോധ്യമില്ലാത്ത ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറുന്നത് വലിയ പരിണിതഫലങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇംഗ്ലിഷ് നൈപുണ്യമില്ലാത്തവരെ ഇത്തരം സംഭവങ്ങള്‍ വല്ലാതെ ബാധിക്കുമെന്നും പരാതിയില്‍ വ്യക്തമാക്കി.

10 ദിവസത്തിന് ശേഷം റയാന്‍ എയര്‍ അധികൃതര്‍ കാര്‍ലോസിനെ ബന്ധപ്പെടുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണിതെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തെപ്പറ്റി കമ്പനി ആഭ്യന്തരതലത്തില്‍ അന്വേഷണം നടത്തുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഒപ്പം റയാന്‍ എയര്‍ യാത്രയ്ക്കായി എടുത്ത ടിക്കറ്റിന്റെ പണം കമ്പനി കാര്‍ലോസിന് തിരികെ നല്‍കി. എയര്‍ ലിംഗസ് ടിക്കറ്റിന് ചെലവഴിച്ച അധിക തുകയും റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ കമ്പനി, 250 യൂറോ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. നഷ്ടപരിഹാരം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കാര്‍ലോസ് പറയുന്നു.

നേരത്തെയും പല അഭയാര്‍ത്ഥികളും റയാന്‍ എയറില്‍ നിന്ന് സമാനമായ പ്രശ്‌നങ്ങളനുഭവിച്ചതായി പരാതി പറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: