അയർലണ്ടിൽ കോവിഡ് ബാധിതനായ 14-കാരൻ മരിച്ചു; രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് 14-കാരന്‍ മരിച്ചു. രാജ്യത്ത് ഇതുവരെയുണ്ടായ കോവിഡ് മരണങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞതാണിത്. നവംബര്‍ 3 മുതല്‍ 9 വരെയുള്ള ഒരാഴ്ച കോവിഡ് ബാധിതരായി മരിച്ച 25 പേരില്‍ ഒരാളാണ് ഈ കൗമാരക്കാരന്‍.

ഇതിനുമുമ്പ് മരിച്ച 17-കാരനായിരുന്നു രാജ്യത്ത് കോവിഡ് ജീവന്‍ കവര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

മരിച്ച 14-കാരനെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും Health Surveillance Protection Centre (HSPC) പുറത്തുവിട്ടിട്ടില്ല.

അയര്‍ലണ്ടില്‍ 25-ന് താഴെ പ്രായമുള്ള ആറ് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ച ഏറ്റവും പ്രായമുള്ള വ്യക്തിക്ക് 105 വയസാണ്.

കോവിഡ് ആരംഭിച്ച് ഏകദേശം രണ്ട് വര്‍ഷത്തോളമാകുമ്പോള്‍ രാജ്യത്ത് 5,566 പേര്‍ക്കാണ് മഹാമാരി കാരണം ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 91% പേരും 65-ന് മേല്‍ പ്രായമുള്ളവരാണ്. 41.3% പേര്‍ക്ക് 85-ന് മേല്‍ പ്രായമുണ്ടായിരുന്നു.

കൗണ്ടികളില്‍ Monaghan-ല്‍ ആണ് കോവിഡ് മരണങ്ങള്‍ ഏറ്റവുമധികം രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തില്‍ 169.4 എന്നതാണ് ഇവിടുത്തെ കോവിഡ് മരണനിരക്ക്. ഏറ്റവും കുറവ് Kerry-ലാണ്- 56.2.

ചെറുപ്പക്കാരെ കോവിഡ് കാര്യമായി ബാധിക്കില്ല എന്ന പൊതുധാരണയ്ക്ക് ഭംഗം വരുത്തുന്നതാണ് 14-കാരന്റെ മരണം. സാധ്യത കുറവാണെങ്കിലും കൗമാരക്കാരില്‍ പോലും കൊറോണ വൈറസ് മരണത്തിലേയ്ക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പ് കൂടിയാണിത്. അതിനാല്‍ കനത്ത ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നു.

Share this news

Leave a Reply

%d bloggers like this: