അയർലണ്ട്-പോർച്ചുഗൽ മത്സരത്തിനിടെ ബാരിക്കേഡ് ചാടി ഗ്രൗണ്ടിൽ എത്തി; 11-കാരിയായ ആരാധികയ്ക്ക് ജഴ്‌സി സമ്മാനം നൽകി റൊണാൾഡോ

ഐറിഷുകാരിയായ കുട്ടി ആരാധികയ്ക്ക് തന്റെ ജഴ്‌സി സമ്മാനമായി നല്‍കി ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. വ്യാഴാഴ്ച രാത്രി Aviva Stadium-ത്തില്‍ നടന്ന അയര്‍ലണ്ട്-പോര്‍ച്ചുഗല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേയ്ക്ക് ഓടിയിറങ്ങിയ 11-കാരി Addison Whelan-ന് ആണ് നാടകീയനിമിഷങ്ങള്‍ക്കൊടുവില്‍ ഫുട്‌ബോള്‍ രാജാവിന്റെ സമ്മാനം.

തൊട്ടുമുമ്പില്‍ തന്റെ ഹീറോയായ റൊണാള്‍ഡോ പന്തുതട്ടുന്നത് കണ്ടപ്പോഴുള്ള ആവേശവും, ആകാംക്ഷയും അടക്കാനാകാതെയായിരുന്നു കുഞ്ഞു Whelen-ന്റെ ‘ഗ്രൗണ്ട് ചാട്ടം.’ ഇരു രാജ്യങ്ങളും തമ്മില്‍ ലോകകപ്പ് യോഗ്യതാ മത്സരം 0-0 സമനിലയില്‍ കലാശിച്ചിരുന്നു.

മത്സരം അവസാനിച്ചതും സ്‌റ്റേഡിയത്തില്‍ ഇരിക്കുകയായിരുന്ന Whelen ആവേശം മൂത്ത് ബാരിക്കേഡിന് മുകളിലൂടെ ഗ്രൗണ്ടിലേയ്ക്ക് ഒറ്റച്ചാട്ടം. എന്നാല്‍ പുറകെ ഓടിയ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ Whelen-നെ പിടികൂടി. അപ്പോഴേയ്ക്കും ഗ്രൗണ്ടിന് പകുതിയോളം എത്തിയ Whelen, ‘റൊണാള്‍ഡോ’ എന്ന് ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.

ഇതുകേട്ട റൊണാള്‍ഡോ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ പിടിച്ചുവച്ചിരിക്കുന്ന 11-കാരിയെയാണ്. അവളെ തന്റെയടുത്തേയ്ക്ക് വിടാന്‍ റൊണാള്‍ഡോ പറഞ്ഞതും Whelan തന്റെ ആരാധനാപാത്രത്തിനടുത്തേയ്ക്ക് പാഞ്ഞെത്തി. സംഭവത്തിനിടെ ഭയപ്പെട്ടുപോയ അവള്‍ കരയുന്നുമുണ്ടായിരുന്നു. താന്‍ വലിയൊരു ആരാധിയാണെന്നും, ജഴ്‌സി തരാമോയെന്നും ചോദിച്ച Whelen-ന് ഒരു മടിയും കൂടാതെ റൊണാള്‍ഡോ ജഴ്‌സിയൂരി നല്‍കി. സ്‌റ്റേഡിയത്തിലിരുന്ന് ഇതെല്ലാം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു അവളുടെ പപ്പ.

‘സ്വപ്‌നനിമിഷം’ എന്നാണ് Whelen സംഭവത്തെ വിശേഷിപ്പിക്കുന്നത്.

Shelbourne ക്ലബ്ബിലെ കുട്ടികളുടെ ഫുട്‌ബോള്‍ ടീം അംഗം കൂടിയാണ് Whelen. ഒരിക്കല്‍ അയര്‍ലണ്ടിന് വേണ്ടിയോ, ആര്‍സനലിന് വേണ്ടിയോ ജഴ്‌സിയണിയാമെന്ന മോഹവും ഈ മിടുക്കി കാത്തുസൂക്ഷിക്കുന്നു.

അതേസമയം ഗ്രൗണ്ടില്‍ കടന്നാല്‍ പിഴ ശിക്ഷയായി നല്‍കുമെങ്കിലും, Whelen-നെ പിഴയില്‍ നിന്നും ഒഴിവാക്കിതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: