2030-ലെ ട്വന്റി-20 പുരുഷ വേൾഡ് കപ്പിന് അയർലണ്ട് ആതിഥ്യമരുളുമോ? ഇംഗ്ലണ്ടിനൊപ്പം ടൂർണമെന്റ് നടത്തിയേക്കും

2030-ല്‍ നടക്കുന്ന ട്വന്റി-20 പുരുഷ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ ശ്രമമാരംഭിച്ച് അയര്‍ലണ്ട്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവിടങ്ങളിലായി നടക്കുമെന്ന് കരുതുന്ന വേള്‍ഡ് കപ്പ് പോരാട്ടങ്ങളില്‍ ഏതാനും മത്സരങ്ങളുടെ വേദി അയര്‍ലണ്ടിലാക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നയതന്ത്രതലത്തില്‍ നടന്നുവരുന്നത്.

2030 വേള്‍ഡ് കപ്പിന് ആതിഥ്യം വഹിക്കാനുള്ള ശ്രമത്തില്‍ മുന്‍പന്തിയിലുള്ളത് The England and Wales Cricket Board (ECB) ആണ്. അയര്‍ലണ്ടിനെക്കൂടി വേദിയാക്കി വേള്‍ഡ് കപ്പ് സംഘടിപ്പിക്കാനാണ് ECB-യുടെയും താല്‍പര്യം. അതേസമയം മുമ്പ് സംഭവിച്ചതുപോലെ അപ്രധാനമായ ഒരു മത്സരം മാത്രം അയര്‍ലണ്ടില്‍ നടത്തുകയല്ലെന്നും, അയര്‍ലണ്ടിനെക്കൂടി പങ്കാളികളാക്കി വേള്‍ഡ് കപ്പ് നടത്തുകയാണ് ഉദ്ദേശ്യമെന്നും ECB വ്യക്തമാക്കുന്നുണ്ട്.

വേള്‍ഡ് കപ്പ് നടത്തിപ്പില്‍ താല്‍പര്യം പ്രകടിപ്പിച്ച് അയര്‍ലണ്ടിന്റെ സ്‌പോര്‍ട്‌സ് സഹമന്ത്രി Jack Chambers, International Cricket Council (ICC)-ന് കത്തെഴുതിയിരിക്കുകയാണ്. 2024 മുതല്‍ 2031 വരെയുള്ള വേള്‍ഡ് കപ്പ് ആതിഥേയരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷമാദ്യം തന്നെ ICC ആരംഭിച്ചിരുന്നു. ഇതില്‍ 2030 വര്‍ഷത്തെ വേള്‍ഡ് കപ്പ് ആതിഥ്യത്തിനായാണ് ECB ശ്രമിക്കുന്നത്.

ഫുട്‌ബോള്‍ ലോകകപ്പിന് വിരുദ്ധമായി ഒന്നിലധികം രാജ്യങ്ങള്‍ ആതിഥ്യമരുളുന്നതിനെ ICC എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതിലാണ് ECB-ക്കൊപ്പം അയര്‍ലണ്ടിന്റെയും പ്രതീക്ഷ.

ലോകമെമ്പാടും ക്രിക്കറ്റിന് കൂടുതല്‍ ജനകീയത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2030 വേള്‍ഡ് കപ്പില്‍ 20 ടീമുകള്‍ ഉണ്ടാകുമെന്നാണ് ICC പറയുന്നത്. ഇത്തവണ 16 ടീമുകളായിരുന്നു. 20 ടീമുകള്‍, 55 മത്സരങ്ങള്‍, 11 വേദികള്‍ എന്നതാണ് ICC 2030-ഓടെ ലക്ഷ്യമിടുന്നത്.

അയര്‍ലണ്ടില്‍ നിലവില്‍ ഡബ്ലിനിലെ Malahide, Clontarf എന്നീ സ്‌റ്റേഡിയങ്ങളാണ് അന്താരാഷ്ട്രമത്സരങ്ങള്‍ക്കായി ICC അംഗീകരിച്ചിട്ടുള്ളത്. വടക്കന്‍ അയര്‍ലണ്ടിലെ Belfast, Tyrone-ലെ Bready എന്നീ സ്‌റ്റേഡിയങ്ങള്‍ക്കും അംഗീകാരമുണ്ട്. എന്നാല്‍ ഇവയിലൊന്നിലും തന്നെ ഫ്‌ളഡ്‌ലൈറ്റ് സംവിധാനമില്ല. ഇത് ഉച്ചയ്ക്ക് ശേഷമുള്ള മത്സരങ്ങള്‍ അപ്രായോഗികമാക്കും. അതിനാല്‍ Abbotstown-ല്‍ ഫ്‌ളഡ് ലൈറ്റോടുകൂടിയ സ്റ്റേഡിയം നിര്‍മ്മിക്കുകയായിരിക്കും നീക്കം വിജയിച്ചാല്‍ അയര്‍ലണ്ടിന്റെ മുഖ്യജോലി.

1999-ല്‍ ഇംഗ്ലണ്ട് ആതിഥേയരായ ഏകദിന വേള്‍ഡ് കപ്പിലെ വെസ്റ്റ് ഇന്‍ഡീസ്- ബംഗ്ലാദേശ് മത്സരം ഡബ്ലിനില്‍ വച്ച് നടത്തപ്പെട്ടിരുന്നു.

2007-ലാണ് അയര്‍ലണ്ട് ആദ്യമായി ICC-ക്ക് കീഴിലുള്ള ഒരു വേള്‍ഡ് കപ്പ് കളിക്കുന്നത്. അന്ന് സെന്റ് പാട്രിക്‌സ് ജിനത്തില്‍ ശക്തരായ പാക്കിസ്ഥാനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു അയര്‍ലണ്ട് ചരിത്രത്തില്‍ ഇടംനേടിയത്.

2030 വേള്‍ഡ് കപ്പ് അയര്‍ലണ്ടിലെത്തിയാല്‍ ടൂറിസം രംഗത്തും വലിയ വളര്‍ച്ച പ്രതീക്ഷിക്കാം.

Share this news

Leave a Reply

%d bloggers like this: