ഉപഭോക്താക്കളിൽ നിന്നും അധികതുക ഈടാക്കി സമ്പാദിച്ചത് 4.7 മില്യൺ യൂറോ; Eir-നെതിരെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കോടതിയിൽ

ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയതിനെത്തുടര്‍ന്ന് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനി Eircom-ന് വന്‍തുക പിഴയിടാന്‍ സാധ്യത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടിലെ 71,000-ഓളം ഉപഭോക്താക്കളില്‍ നിന്നായി ഇത്തരത്തില്‍ അധികതുക ഈടാക്കിയത് വഴി കമ്പനി 4.7 മില്യണ്‍ യൂറോ അനധികൃതമായി സമ്പാദിച്ചതായാണ് Commission for Communications Regulation (Comreg) കൊമേഴ്‌സ്യല്‍ കോടതിയില്‍ വ്യക്തമാക്കിയത്. കമ്പനി ഇപ്പോഴും ഈ പ്രവണത തുടരുകയാണെന്നും അധികൃതര്‍ കോടതിയില്‍ ആരോപിച്ചു.

Eir എന്ന പേരിലാണ് Eircom. Ltd എന്ന സ്ഥാപനം രാജ്യത്ത് മൊബൈല്‍ നെറ്റ് വര്‍ക്ക്, ഇന്റര്‍നെറ്റ് തുടങ്ങിയ സേവനങ്ങള്‍ നല്‍കിവരുന്നത്. തട്ടിപ്പ് തെളിയുകയാണെങ്കില്‍ 11.5 മില്യണ്‍ യൂറോ വരെ പിഴ ലഭിച്ചേക്കാം.

അതേസമയം കുറ്റം നിഷേധിച്ചെങ്കിലും, ബില്ലിങ്ങില്‍ പിശകുകളുണ്ടായിരുന്നു എന്ന് Eir സമ്മതിച്ചു. പക്ഷേ അത് Comreg ആരോപിക്കുന്ന അത്രയും വലിയ തുകയല്ലെന്നാണ് കമ്പനിയുടെ വാദം.

2015 മുതല്‍ കമ്പനി അധിക തുക ഈടാക്കുന്നുവെന്നാണ് തിങ്കളാഴ്ച നടന്ന വാദത്തില്‍ Comreg കോടതിയില്‍ ആരോപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് ഡെനിസ് മക്‌ഡൊണാള്‍ഡ്, കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

Communications Regulation Act 2002-വിന് വിരുദ്ധമാണ് Eir-ന്റെ നടപടികളെന്ന് Comerg ആരോപിക്കുന്നു. നേരത്തെ പറഞ്ഞുറപ്പിച്ചതിലും അധികമായി കമ്പനി തുക ഈടാക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഒപ്പം കണക്ഷന്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഉപഭോക്താക്കളോട് early termination fees ഈടാക്കുന്നതില്‍ നിന്നും കമ്പനിയെ തടയണമെന്നും Comerg കോടതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ 30 കേസുകളാണ് അധിക തുക ഈടാക്കിയതുമായി ബന്ധപ്പെട്ട് Eir-ന് മേല്‍ ചുമത്തിയിട്ടുള്ളത്. ഇവയെല്ലാം തെളിയുകയും ചെയ്തു. തുടര്‍ന്ന് 67,500 യൂറോ കമ്പനി പിഴയൊടുക്കിയിരുന്നു. ഇതിനുശേഷവും Eir ഈ പ്രവണത നിര്‍ബാധം തുടരുകയായിരുന്നുവെന്നാണ് പുതിയ കേസില്‍ നിന്നും വ്യക്തമാകുന്നത്.

Share this news

Leave a Reply

%d bloggers like this: