റെഡ് അലെർട്ട് (ഷിജിമോൻ കച്ചേരിയിൽ)

ഇന്ന് ബാര കൊടുങ്കാറ്റ് വാണിങ് ആയതിനാൽ വീട്ടിൽ തന്നെ ഇരുന്നു ഓരോ പണികളായിരുന്നു. വാർത്തകളിൽ കൗണ്ടികളിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചു തുടങ്ങിയിരുന്ന നഷ്ടവും വെള്ളപ്പൊക്കവും ഒക്കെ ആവർത്തിക്കുന്നു..
കനത്ത ജാഗ്രത തുടരണം.
പല ഇടത്തും റെഡ് വാണിങ് ..
ആരും പുറത്തിറങ്ങരുത് ..
അർധരാതി കഴിഞ്ഞും സ്ഥിതി മാറിയാൽ മാത്രമേ വാണിങ് അപ്ഡേറ്റ് ചെയ്യൂ..
മരങ്ങളും മറ്റും വീണ് എന്ത് അപകടവും സംഭവിക്കാം..
കഴിഞ്ഞ ഒഫീലിയ കാറ്റിൽ ഒരു കാരവൻ പോലും പറന്നു പോയത് വാർത്തയിൽ കണ്ടിരുന്നു. അത്ര ഭീകരന്മാരാണീ കാറ്റുകൾ! കഷ്ടം തന്നെ!

ആയുസ്സിൽ ഒരു ദിവസം വെറുതെ കൊഴിഞ്ഞു പോകുന്നു.ആതുര സേവന രംഗത്തായതിനാൽ മറ്റു പല തൊഴിലുകാരും വീട്ടിലിരുന്ന് വർക് ചെയ്യുമ്പോഴും പാവം ഭാര്യ രാവിലെ ഡ്യൂട്ടിക്ക് പോയി..
സൂപ്പർ മാർക്കറ്റുകൾ അടക്കം മിക്കവാറും എല്ലാം തന്നെ അടവാണ്.. അങ്ങനെ ഉച്ച കഴിഞ്ഞു..
ഇനിയെന്ത് ??

ആ അല്പം ക്‌ളീനിംഗ് ആവാം.. ഇങ്ങനെ സ്കൂള് പോലും അവധി ആയിട്ട് പുറത്തിറങ്ങാനും പറ്റാതെ ഒരു ദിവസം അപൂർവം ആയിട്ടാണ് വരിക. പഴയ ബില്ലുകൾ, ലോട്ടറി ടിക്കറ്റുകൾ അടക്കം എല്ലാം തൂത്തു വാരി കൂട്ടിയിട്ടു. ഹൊ! ഇത്രേം ലോട്ടറി ഒക്കെ ഞാൻ തന്നെ എടുത്തത് ആണോ ..വെറുതെ പണി ഒന്നുമില്ലാരുന്നു.. ഇതിന്റെ ഒക്കെ റിസൾട്ട് ? ആ ..നോക്കീട്ടുണ്ടാവും.. എന്തായാലും സമയം ഉണ്ടല്ലോ ലോട്ടറി ആപ്പ് വഴി ടിക്കട് സ്കാൻ ചെയ്തു ബിന്നിലിടാം എന്ന് കരുതി..പുറത്തു കാറ്റിന്റെ ഹുങ്കാരവം..

മുറ്റത്തു ബേ ലീഫ് മരത്തോടെ കിടന്നുലയുന്നു. ഈ കാറ്റ് നമ്മളെയും കൊണ്ടേ പോവുള്ളോ. മഴയും ഇരുട്ടും ഒക്കെയായി. സമയം നാലു മാണി ആകുന്നെ ഉള്ളൂ. ലോട്ടറി ടിക്കട് റിസൾട്ട് സ്കാൻ ചെയ്ത് ഓരോന്നായി ബിന്നിലേക്കിട്ടുകൊണ്ടിരുന്നു.. വെറുതെ പാഴ്‌വേല.. ഒരു യൂറോ പോലുമില്ല.. പലതും സമയം പോലും കഴിഞ്ഞതും ഒക്കെയുണ്ട്..ഇനി ഒരെണ്ണം കൂടി ഉണ്ട് അതൂടെ സ്കാൻ ചെയ്തു . ഇത്തവണ ഞാൻ ഞെട്ടി.

കൺഗ്രാജുലേഷന്സ് ..
യു ആർ ദി വിന്നർ…!യൂറോ മില്യൺ ജാക്ക്പോട്ട്!!
30 മില്യൺ യൂറോ.. തല ശരിക്കും കറങ്ങുന്നു..കണ്ണിൽ ഇരുട്ട് കയറി ..ഏയ് അത് പുറത്തു ഡാർക്ക് ആയത്കൊണ്ടും കാറ്റും മഴയും ഒക്കെ ഉള്ളത് കൊണ്ടാവുമോ..അല്ല ..

സുബോധം വീണ്ടെടുത്തു. കൊടും തണുപ്പിൽ ഒരു ഗ്ലാസ് വെള്ളം ഒറ്റ വലിക്കു കുടിച്ചു തീർത്തു! ഇത് സത്യമാണേൽ നാളെ തന്നെ പോയി ക്ലെയിം ചെയ്യണം. ഓർക്കാനേ പറ്റുന്നില്ല..ഏകദേശം 254 കോടി ഇന്ത്യൻ രൂപ എങ്കിലും കാണും! എന്റെ നാട് ..അല്ലെ വേണ്ട സ്വന്തം പഞ്ചായത്ത് ഒക്കെ ശരിക്കും ഒരു സ്വപ്ന ദേശം ആക്കണം…

ഇത്രേം പണമില്ലേ..ഭാര്യയെ ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞാലോ. അല്ലെങ്കിൽ സർപ്രൈസ് ആക്കിയാലോ.. എന്തായാലും എന്ന് വരെ വാലിഡിറ്റി ഉണ്ടെന്നു ഒന്ന് നോക്കിയേക്കാം..കമ്പ്യൂട്ടറിൽ പെട്ടെന്ന് തീയതി ചെക്കു ചെയ്തു നോക്കി. വീണ്ടും ഒരു വിറയൽ. ഇന്ന് 7 ഡിസംബർ വൈകിട്ട് 5 മണിക്ക് മുന്നേ സിറ്റിയിലെ പ്രധാന പോസ്റ്റ് ഓഫീസിൽ ടിക്കട് എത്തിച്ചിരിക്കണം.

മൈ ഗോഡ് … ഇനി 52 മിനിറ്റ് മാത്രം ഉണ്ട്. 30 മിനിറ്റ് എങ്കിലും എടുക്കും അവിടെ എത്താൻ. ടിക്കട് ഒരു സിപ് സീൽ കവറിലിട്ട് മറ്റൊരു പ്ലാസ്റ്റിക് ബാഗിലിട്ട് ജാക്കറ്റുമെടുത്തു വണ്ടിയിലേക്ക് ചാടി കയറി.. എസ്റ്റേറ്റിനുള്ളിൽ വഴി നിറയെ ബിന്നുകളും മരച്ചില്ലകളും കാറ്റിൽ വീണ് കിടക്കുന്നു..

ഓരോന്ന് മാറ്റികൊണ്ടിരുന്നു..ശരിക്കും സങ്കടം തോന്നുന്ന പ്രെഷ്യസ് നിമിഷങ്ങൾ. ഒന്നും രണ്ടും അല്ല . 30 മില്യൺ യൂറോ വെറും സ്വപ്നം ആവുമോ..ഒരു വിധം എസ്റ്റേറ്റിന് പുറത്തു കടന്നു റോഡിലൂടെ പാഞ്ഞു. അടുത്ത റൌണ്ട് എബൗട്ടിന് മുന്നേ വലിയൊരു കണ്ടെയ്‌നർ വണ്ടി ചരിഞ്ഞു കിടക്കുന്നു . റോഡിൽ ആംബുലൻസും ഫയർ ഫോഴ്സും മറ്റും ആയി നിറഞ്ഞു ബ്ളോക് ചെയ്തിരിക്കുന്നു. തിരിച്ചു മറ്റൊരു ഊടു വഴിയിലൂടെ വീണ്ടും കുതിച്ചു..

N4 ൽ എത്തിയപ്പോൾ അവിടെ പോലീസ് ചെക്കിങ്. ഇനി 27 മിനിറ്റ് മാത്രം. ഉള്ളിൽ തീ ആളിത്തുടങ്ങി. ഹൃദയമിടിപ്പ് കൂടി. ഡ്യുട്ടിക് പോകുന്ന ഹെൽത്ത് വർകറാണെന്നു പറഞ്ഞു അവിടേം കടന്നു.. വെള്ളപ്പൊക്കം മൂലം ലിഫി റിവർ നിറഞ്ഞൊഴുകുന്നു.. എല്ലായിടത്തും ബ്ലോക്ക് ചെയ്തിരിക്കുന്നു. കൊടും തണുപ്പിലും തൊണ്ട വരളുന്ന പോലെ.. എങ്ങും മുന്നോട്ടു കടത്തിവിടുന്നില്ല..

പോലീസ് മാത്രം.. കൊടുങ്കാറ്റിന്റെ ഇഫക്ടിൽ വൈദ്യത ലൈനുകളും മെട്രോ ലൈൻ ഒക്കെ അപകടമാം വിധം തകരാറിൽ ആണത്രേ..എല്ലാവരെയും ഡൈവർട് ചെയ്യുന്നു. ഇനി 14 മിനിറ്റ് മാത്രം മുന്നിലുണ്ട്. അപ്പുറം കടക്കാൻ ഒറ്റ വഴിയേ ഉള്ളൂ..

വണ്ടി അവിടെ തന്നെ റോഡിൽ ഒതുക്കി ലോട്ടറി വച്ച ബാഗ് കടിച്ചു പിടിച്ചു ലിഫി നദിയിലേക്കു ചാടി നീന്തിത്തുടങ്ങി.. കുത്തൊഴുക്ക് മൂലം മുന്നോട്ടു പോവാൻ പറ്റുന്നില്ല.. അതിനിടക്ക് എന്തോ ഒന്ന് മുഖത്ത് വന്നിടിച്ചു..ബാഗ് തെറിച്ചു പോയി. സകലതും നഷ്ടപ്പെട്ട നിമിഷങ്ങൾ..ഒന്നും നോക്കാനില്ല തല ഉയർത്തി ശ്വാസം വീണ്ടെടുത്ത് അകന്നു പോകുന്ന ബാഗിനരികിലേക്ക് ഞൊടിയിടയിൽ ഡൈവ് ചെയ്‌തെത്തി. കിട്ടി! എല്ലാം സെക്കൻഡുകൾക്കുള്ളിൽ ..

അങ്ങനെ ഒരു വിധം അപ്പുറം കടന്നു ജെർവീസ് സ്ട്രീറ്റിന് സമാന്തരമായി നനഞ്ഞ ഡ്രെസ്സുമായി കുതിച്ചു.. സ്പീഡ് കിട്ടുന്നില്ല..ഇനി 6 മിനിറ്റ് മാത്രം. കാലുകൾ മനസിനൊപ്പം പായുന്നില്ല..അങ്ങനെ ഒടുവിൽ ചരിത്രമുറങ്ങുന്ന GPO എന്ന ഐറിഷ് പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ എത്തി കിതച്ചു നിന്നു. GPO അടച്ചിരിക്കുന്നു.. സകലതും നഷ്ടപ്പെട്ട ഞാൻ പൊട്ടിക്കരഞ്ഞു പോയി.. എല്ലാം എന്റെ അലസത കൊണ്ട് സംഭവിച്ചത് മാത്രം.. എന്ത് കൊണ്ട് സമയത്ത് ടിക്കട് ചെക്ക് ചെയ്തില്ല.. ഈ നഷ്ടം ഞാൻ എങ്ങനെ സഹിക്കും? ഡാഡീ..ഡാഡീ.. അഹാന മോൾ വിളിച്ചപ്പോൾ ആണ് സോഫയിൽ നിന്നും കണ്ണ് തുറന്നത്…

എന്തൊരു ഹൊറിബിൾ ആൻഡ് സ്റ്റോർമി ഡ്രീം !

ഷിജിമോൻ കച്ചേരിയിൽ

Share this news

Leave a Reply

%d bloggers like this: