തെറ്റായ വിവരങ്ങളുടെ കൂമ്പാരമോ ഇന്റർനെറ്റ്? 2021-ൽ ബ്രൗസ് ചെയ്ത 62% പേരും തെറ്റായ ഉള്ളടക്കങ്ങൾ കണ്ടതായി റിപ്പോർട്ട്

2021-ല്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്ത 62% പേരും തെറ്റായതും, സംശയമുണര്‍ത്തുന്നതുമായ വിവരങ്ങള്‍ കണ്ടതായി Central Statistics Office (CSO) റിപ്പോര്‍ട്ട്. ലേഖനങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിങ്ങനെ വിവിധ വെബ്‌സൈറ്റുകളിലും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തെറ്റിദ്ധരിപ്പിക്കുന്നതോ, സംശയം തോന്നിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ കണ്ടതായാണ് ഭൂരിപക്ഷം ആളുകളും പ്രതികരിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെല്ലാം ഇതില്‍ പെടും.

ഇങ്ങനെ ശരിയാണോ എന്ന് സംശയം തോന്നിയ സന്ദര്‍ഭങ്ങളില്‍ 64% പേരും ഇതിന്റെ സത്യാവസ്ഥ ഓണ്‍ലൈന്‍ വഴി അറിയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് കാരണം വര്‍ക്ക് ഫ്രം ഹോമും, നേരമ്പോക്കുമെല്ലാമായി ഏറെപ്പേരും ഈ വര്‍ഷം ഓണ്‍ലൈനില്‍ തന്നെയായിരുന്നുവെന്ന് CSO പറയുന്നു. അതിനാല്‍ത്തന്നെ ധാരാളം വിവരങ്ങളാണ് നമ്മളിലേയ്ക്ക് എത്തുന്നത്. പക്ഷേ ഇതില്‍ പലതും ശരിയായ വിവരങ്ങളല്ല.

വിവരങ്ങളുടെ സോഴ്‌സ് പരിശോധിച്ചാണ് മിക്കവരും അത് ശരിയാണോ, തെറ്റാണോ എന്നറിയാന്‍ ശ്രമിച്ചത് (93% പേര്‍). 47% പേര്‍ ഓണ്‍ലൈന് പുറത്ത് ആളുകളോട് സംസാരിച്ചും, ചര്‍ച്ച ചെയ്തു വ്യക്തത വരുത്താന്‍ ശ്രമിച്ചു. 15% പേര്‍ ഓണ്‍ലൈന്‍ ഡിസ്‌കഷനിലും മറ്റും പങ്കെടുത്തു.

അതേസമയം വിവരം ശരിയാണോ എന്ന് സംശയം തോന്നിയിട്ടും അത് പരിശോധിക്കാതിരുന്ന ആളുകളുമുണ്ട്. 80% പേരും ഇതിന് കാരണമായി പറഞ്ഞത് വിവരം വിശ്വസനീയമല്ലെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു എന്നാണ്.

ഓണ്‍ലൈനില്‍ വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ മടി കാണിക്കുന്നവര്‍ പ്രായം കൂടിയവരാണെന്ന കണ്ടെത്തലും CSO പങ്കുവയ്ക്കുന്നുണ്ട്. 30-59 പ്രായക്കാരായ 65% പേരാണ് ഇത്തരത്തില്‍ വിവരം പങ്കുവയ്ക്കുന്നതില്‍ വിമുഖത കാണിച്ചത്. 16-29 പ്രായക്കാരായ 42% പേരും ഈ രീതി പിന്തുടര്‍ന്നു. പരസ്യങ്ങളുടെ തെരഞ്ഞെടുപ്പിനും മറ്റുമായാണ് ഈ വിവരങ്ങള്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുക.

ഒരു വെബ്‌സൈറ്റിന്റെ പ്രൈവസി പോളിസി വായിച്ച് മനസിലാക്കിയ ശേഷം മാത്രം വിവരം നല്‍കുന്നവരുടെ എണ്ണം വെറും 37% ആണ്. നല്‍കപ്പെടുന്ന പേഴ്‌സണല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് എത്തരത്തില്‍ ഉപയോഗിക്കുമെന്ന് മനസിലാക്കുക പോലും ചെയ്യാതെയാണ് ഭൂരിഭാഗം പേരും പോളിസി അക്‌സപ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതെന്നും CSO പറയുന്നു.

Share this news

Leave a Reply

%d bloggers like this: