യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷയായി ഇന്നുമുതൽ ഐറിഷും

യൂറോപ്യന്‍ യൂണിയനിലെ ഓദ്യോഗിക ഭാഷയായി ഇന്നുമുതല്‍ ഐറിഷും. പുതുവര്‍ഷം ദിനം മുതല്‍ ഐറിഷ് ഭാഷയ്ക്ക് യൂറോപ്യന്‍ യൂണിയിനിലെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകാരം നല്‍കുമെന്ന് യൂണിയന്‍ അറിയിച്ചു. ഇതോടെ ഇനി യൂണിയനെ സംബന്ധിക്കുന്ന രേഖകളെല്ലാം ഐറിഷ് ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തും.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ഐറിഷിനെ EU-വിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കാന്‍ അയര്‍ലണ്ട് ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

ഐറിഷ് ഭാഷയോട് EU കാണിച്ചുവന്ന അപകര്‍ഷതയ്ക്ക് മാറ്റമുണ്ടാകുന്നതില്‍ താന്‍ അതിയായി അഭിമാനിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് Minister of State for European Affairs Thomas Byrne പറഞ്ഞു. EU-വിലെ മറ്റ് സേവനങ്ങളും ഇനിമുതല്‍ ഐറിഷ് ഭാഷയിലേയ്ക്ക് കൂടി മൊഴിമാറ്റം നടത്തുമെന്നതിനാല്‍ അയര്‍ലണ്ടിലും, വിദേശത്തും ഐറിഷ് സംസാരിക്കുന്നവര്‍ക്ക് വലിയ സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

1973-ലാണ് അയര്‍ലണ്ട് EU-വില്‍ അംഗത്വം നേടുന്നത്. ശേഷം ഇതുവരെ EU സ്ഥാപനങ്ങളുമായി ഐറിഷ് ഭാഷയില്‍ കത്തിടപാടുകള്‍ നടത്താമെങ്കിലും, EU ഉടമ്പടികളും, കരാറുകളും മാത്രമാണ് ഐറിഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ലഭിച്ചിരുന്നത്.

2005 മുതല്‍ ഐറിഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാന്‍ അയര്‍ലണ്ട് ശ്രമമാരംഭിച്ചിരുന്നു. 2007-ല്‍ വര്‍ക്കിങ് ലാംഗ്വേജ് ആയി അംഗീകരിച്ചെങ്കിലും എല്ലാ EU രേഖകളും അപ്പോഴും ഐറിഷില്‍ വിവര്‍ത്തനം ചെയ്ത് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 2015-ല്‍ പൂര്‍ണ്ണ ഔദ്യോഗിക പദവിക്കായി നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

EU നിയമങ്ങള്‍, വെബ്‌സൈറ്റിലെ വിവരങ്ങള്‍, രാഷ്ട്രീയമായ തീരുമാനങ്ങള്‍, മറ്റ് ആശയവിനിമയങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെ എല്ലാ EU രേഖകളും ഇനിമുതല്‍ ഐറിഷിലും ലഭ്യമാകും. ഇതോടെ ഐറിഷ് വിവര്‍ത്തകര്‍ക്ക് കൂടുതലായി ജോലി ലഭിക്കുകയും ചെയ്യും. നിലവില്‍ 170-ഓളം ഐറിഷ് വിവര്‍ത്തകരാണ് EU-വിനായി ജോലി ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: