ഡബ്ലിൻ എയർപോർട്ടിൽ 100 മില്യൺ ചെലവിട്ട് പുതിയ ഹോട്ടൽ; 550 പേർക്ക് ജോലി ലഭിക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ രണ്ടാം ടെര്‍മിനലിലിനോട് ചേര്‍ന്ന് 100 മില്യണ്‍ യൂറോ ചെലവിട്ട് ഹോട്ടല്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. ഹോട്ടല്‍ നിര്‍മ്മാണത്തിനിടയിലും, ശേഷവുമായി 550 പേര്‍ക്ക് വരെ ജോലി ലഭിക്കുന്ന തരത്തിലാണ് പദ്ധതി.

410 ബെഡ്‌റൂമുകളടങ്ങിയ ഹോട്ടലാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. പദ്ധതിക്ക് Fingal County Council കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. യു.കെ കമ്പനിയായ Arora ബ്രാന്‍ഡിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹോട്ടലിന് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഉണ്ടാകുക. ഇതാദ്യമായാണ് Arora അയര്‍ലണ്ടില്‍ ഹോട്ടല്‍ ബിസിനസ് ആരംഭിക്കുന്നത്.

ഗ്രേറ്റര്‍ ലണ്ടന്‍ ഏരിയയില്‍ നിലവില്‍ 12 ഹോട്ടലുകള്‍ Arora നടത്തുന്നുണ്ട്. ഇതില്‍ 10 എണ്ണം എയര്‍പോര്‍ട്ടുകളിലാണ്. Heathrow, Gatwick, Stansted എന്നിവിടങ്ങളില്‍ Arora ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പുതിയ ഹോട്ടല്‍ അയര്‍ലണ്ടിലെ തന്നെ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്നായാകും പണി പൂര്‍ത്തിയാക്കുക. 11 നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് 30,566 ചതുരശ്ര അടി വിസ്താരമുണ്ടാകും. ലെയ്ഷര്‍ സെന്റര്‍, ജിം, സ്റ്റീം റൂം, ബാര്‍, എക്‌സിക്യുട്ടിവ് ലോഞ്ച് എന്നീ സൗകര്യങ്ങളും ഉണ്ടാകും.

പൊതുമേഖലയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി 2.17 മില്യണ്‍ യൂറോ സംഭാവന ചെയ്യണമെന്ന് അനുമതി നല്‍കിക്കൊണ്ട് കൗണ്ടി കൗണ്‍സില്‍ Arora group-നോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 100 വര്‍ഷത്തേയ്ക്ക് ഹോട്ടല്‍ നടത്താനാണ് Arora-യ്ക്ക കരാര്‍. ശേഷം ഹോട്ടല്‍ Dublin Airport Authority (DAA)-ക്ക് കൈമാറും.

24-30 മാസം നീളുന്ന നിര്‍മ്മാണപ്രവൃത്തിക്കിടെ 300 പേര്‍ക്ക് ജോലി ലഭിക്കുമെന്നും, ഹോട്ടല്‍ പ്രവര്‍ത്തനമാരഭിക്കുന്നതോടെ 250 പേര്‍ക്ക് കൂടി ജോലി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: