കോവിഡ് കാല ബോണസ്: ഹോം കെയറർമാരെയും പരിഗണിക്കണമെന്ന് ആവശ്യം

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,000 യൂറോ ടാക്‌സ് ഫ്രീ കോവിഡ് ബോണസായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഹോം കെയറര്‍മാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. രാജ്യത്ത് പ്രൈവറ്റ് ഹോം കെയറര്‍മാരെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ Home and Community Care Ireland (HCCI), ഇക്കാര്യത്തില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 10,000-ഓളം പ്രൈവറ്റ് ഹോം കെയറര്‍മാരാണ് സംഘനയില്‍ അംഗങ്ങളായിട്ടുള്ളത്.

കോവിഡ് മഹാമാരിയുടെ കാലത്ത് വീടുകളില്‍ സേവനം ചെയ്യുന്ന കെയര്‍മാരെ സര്‍ക്കാര്‍ മറന്നു എന്നത് ലജ്ജാകരമാണെന്ന് സംഘടനാ തലവനായ ജോസഫ് മസ്‌ഗ്രേവ് പറഞ്ഞു. കോവിഡ് കാലത്ത് ഏറ്റവുമധികം സുരക്ഷിതം വീടുകളാണെന്നും, വീടുകളിലെ രോഗബാധ 1 ശതമാനത്തില്‍ അല്‍പ്പം മാത്രം അധികമായി നിലയന്ത്രിച്ച് നിര്‍ത്താന്‍ കെയറര്‍മാരുടെ സേവനം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനിടെ വീട്ടില്‍ പരിചരണം വേണ്ടവരെ സുരക്ഷിതരായി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹോം കെയറര്‍മാര്‍ക്ക് അംഗീകാരം നല്‍കണമെന്ന് Family Carers Ireland എന്ന സംഘടനയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോം കെയര്‍ സൗകര്യം പ്രയോജനപ്പെടുത്തുന്ന 5 ലക്ഷത്തോളം കുടുംബംഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് Family Carers Ireland. ‘വിസ്മരിക്കപ്പെട്ട മുന്‍നിര പ്രവര്‍ത്തകരാണ്’ ഹോം കെയറര്‍മാര്‍ എന്നും സംഘടനാ മേധാവിയായ കാതറിന്‍ കോക്‌സ് പറഞ്ഞു.

പ്രതിരോധശേഷി കുറഞ്ഞവരും, രോഗം പിടിപെടാന്‍ സാധ്യതയുള്ളവരുമായ ധാരാളം പേരെ കോവിഡ് ബാധയില്‍ നിന്നും, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നതില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ഹോം കെയറര്‍മാര്‍ വലിയ പങ്കാണ് വഹിച്ചതെന്നും കോക്‌സ് പറഞ്ഞു. ഈ ഉദ്യമത്തിനിടെ അവരില്‍ പലര്‍ക്കും ഗുരുതരമായ രോഗം പിടിപെടുകയും, മാനസികസംഘര്‍ഷം അനുഭവിക്കുകയും ചെയ്തതായും അവര്‍ ചൂണ്ടിക്കാട്ടി. ഒരു അധിക അവധിദിനം നല്‍കിയത് കൊണ്ടുമാത്രം അവര്‍ അംഗീകരിക്കപ്പെടില്ലെന്നും കോക്‌സ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: