തീരാതെ ദുരിതം: അയർലണ്ടിൽ രണ്ട് പതിറ്റാണ്ടിനിടെ ജീവിതച്ചെലവ് ഏറ്റവുമധികം വർദ്ധിച്ചത് 2021-ൽ

അയര്‍ലണ്ടില്‍ രണ്ട് പതിറ്റാണ്ടിനിടെ ഉപഭോക്തൃച്ചെലവ് (consumer price) ഏറ്റവുമധികം വര്‍ദ്ധിച്ചത് 2021-ലെന്ന് റിപ്പോര്‍ട്ട്. CSO പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 5.5% ആണ് ഉപഭോക്തൃച്ചെലവ് വര്‍ദ്ധിച്ചത്. 2001 ഏപ്രിലിന് ശേഷം വാര്‍ഷികമായി ഇത്രയധികം വര്‍ദ്ധന സംഭവിക്കുന്നത് ഇതാദ്യമായാണ്.

ഗതാഗതമാണ് വില കുത്തനെ ഉയര്‍ന്നവയിലൊന്ന്. ഒരു വര്‍ഷത്തിനിടെ 18% ആണ് ഗതാഗതച്ചെലവ് വര്‍ദ്ധിച്ചത്. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നീ ഇനങ്ങളിലായി 11.8% ചെലവ് വര്‍ദ്ധിച്ചു.

ഡീസല്‍, പെട്രോള്‍, കാറുകള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചതും, വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നതുമാണ് ഗതാഗതരരംഗത്തെ ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായത്.

വാടക വര്‍ദ്ധന, മോര്‍ട്ട്‌ഗേജ് തിരിച്ചടവിലെ പലിശ വര്‍ദ്ധന എന്നിവയാണ് വീടുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ദ്ധിപ്പിച്ചത്.

2021 ഡിസംബറില്‍ മാത്രം ഉപഭോക്തൃച്ചെലവ് 0.5% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ തുടര്‍ച്ചയായി പതിനാലാം മാസമാണ് ചെലവ് ഉയരുന്നത്. ഗതാഗതരംഗത്ത് 2.9%, ഫര്‍ണിഷിങ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് 1.4% എന്നിങ്ങനെയാണ് ഈ മാസത്തിലെ ചെലവ് വര്‍ദ്ധന.

അതേസമയം ഡിസംബര്‍ മാസത്തില്‍ വസ്ത്രം, ചെരിപ്പുകള്‍ എന്നിവയ്ക്ക് 0.9% വില കുറയുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: