അയർലണ്ടിൽ പാസ്പോർട്ട് അപേക്ഷകൾ കുന്നുകൂടുന്നു; കെട്ടിക്കിടക്കുന്നത് 113,000 അപേക്ഷകൾ

അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കുന്നുകൂടുന്നു. നിലവില്‍ 113,000 അപേക്ഷകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും, ഇവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി വരും ആഴ്ചകളില്‍ കൂടുതല്‍ സ്റ്റാഫിനെ നിയമിക്കുമെന്നും പാസ്‌പോര്‍ട്ട് സര്‍വീസ് വകുപ്പ് അറിയിച്ചു.

വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള സാധ്യതയും അധികൃതര്‍ മുന്നില്‍ കാണുന്നുണ്ട്. വിദേശയാത്രക്കാരുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്.

പുതിയ സ്റ്റാഫ് നിയമനം കൂടിയാകുമ്പോള്‍ 2021 ജൂണിനെ അപേക്ഷിച്ച് ഇരട്ടിയോളം പേരാകും പാസ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്യുന്നത്.

കോവിഡ് കാരണം അടിയന്തര അപേക്ഷകള്‍ മാത്രമാണ് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നത്. ഇതാണ് പതിനായിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിലേയ്ക്ക് നയിച്ചത്. 2021 മെയ് മുതല്‍ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുണ്ടെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നതെങ്കിലും തീര്‍പ്പാക്കാത്ത അപേക്ഷകള്‍ കുന്നുകൂടിയിരിക്കുകയാണ്.

നിലവിലെ 113,000 അപേക്ഷകളില്‍ 51,000 എണ്ണം അപേക്ഷകരില്‍ നിന്നും രേഖകള്‍ ലഭിക്കാന്‍ കാത്തുകിടക്കുന്നവയാണെന്നും, 62,000 എണ്ണം പാസ്‌പോര്‍ട്ട് സര്‍വീസിന്റെ നടപടിക്രമങ്ങളിലാണെന്നും വകുപ്പ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: