അയർലണ്ടിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; 2028 ആകുമ്പോഴേയ്ക്കും പുതുതായി 1,600 പേരെയെങ്കിലും നിയമിക്കണമെന്ന് സംഘടനകൾ

അയര്‍ലണ്ടില്‍ ജനറല്‍ പ്രാക്ടീഷണേഴ്‌സ് (ജിപി) ആയ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി Medical Organisation (IMO)-ഉം, Irish College of General Practitioners (ICGP)-ഉം. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഹെല്‍ത്ത് കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യത്തിന് ജിപിമാരില്ലാതെ രാജ്യത്തെ ആരോഗ്യരംഗം കടന്നുപോകുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് സംഘടനകള്‍ വ്യക്തമാക്കിയത്.

രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിക്കുകയും, 65-ന് മേല്‍ പ്രായമുള്ളവര്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2028 ആകുമ്പോഴേയ്ക്കും പുതുതായി 1,600 ജിപിമാരെക്കൂടി നിയമിക്കേണ്ടിവരുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. നിലവില്‍ 3,500-ഓളം ജിപിമാരാണ് അയര്‍ലണ്ടിലുള്ളത്. എന്നാല്‍ ജനങ്ങള്‍ കൂടുന്നതോടെ ആവശ്യങ്ങളും വര്‍ദ്ധിക്കും. ഏകദേശം 700-ഓളം ജിപിമാര്‍ വരും വര്‍ഷങ്ങളില്‍ വിരമിക്കാനിരിക്കുകയാണെന്ന കാര്യവും കണക്കിലെടുക്കണം.

നിലവില്‍ 1,000 പേര്‍ക്ക് 0.69 ജിപി എന്നതാണ് ദേശീയ ശരാശരി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1,000 പേര്‍ക്ക് 1.02 മുതല്‍ 1.1 വരെ ജിപിമാര്‍ വേണമെന്നാണ് കണക്ക്. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി ഇതിലും കഷ്ടമാണ്.

ആവശ്യത്തിന് ജിപിമാരില്ലാത്തിനാല്‍ വളരെ സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലാണ് അവര്‍ ജോലി ചെയ്യുന്നതെന്നും, അത്യാവശ്യ സാഹചര്യങ്ങളില്‍ പോലും സിക്ക് ലീവ് അടക്കമുള്ളവ എടുക്കാന്‍ സാധിക്കാറില്ലെന്നും സംഘടനകള്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ആവശ്യത്തിന് ജിപിമാര്‍ ഉണ്ടെങ്കില്‍ മരണനിരക്ക് പോലും വളരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നും സംഘടനകള്‍ കമ്മിറ്റിക്ക് മുമ്പില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ രാജ്യത്ത് പുതിയ ജിപിമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും സംഘടനകള്‍ വിശദീകരിച്ചു. ഒരു പുതിയ ക്ലിനിക്ക് ആരംഭിക്കുമ്പോള്‍ ആവശ്യമായ ഐടി, മെഡിക്കല്‍ ഉപകരണങ്ങളുടെ വില താങ്ങാനാകാത്തതാണ്. അതിനാല്‍ പല ജിപിമാരും അത്തരമൊരു റിസ്‌ക് എടുക്കാന്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ ടാക്‌സ് ഇളവ് അടക്കമുള്ള സഹായങ്ങള്‍ പുതിയ ജിപിമാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: