മൊബൈൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ കോളുകൾക്കും മെസേജുകൾക്കും തടയിടാൻ പുതിയ നീക്കവുമായി അയർലണ്ടിലെ ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്

അയര്‍ലണ്ടിലെ മൊബൈല്‍ ഉപയോക്താക്കളുടെ ഫോണിലേയ്ക്ക് വ്യാജ കോളുകളും, വ്യാജ സന്ദേശങ്ങളും വരുന്നതിന് തടയിടാന്‍ പുതിയ നീക്കവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ഇത്തരം സന്ദേശങ്ങള്‍ പലരുടെയും പണം നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണവുമായി Commission for Communications Regulation (ComReg) രംഗത്തെത്തിയിരിക്കുന്നത്.

ഇതിനായി ഒരു പ്രത്യേക ദൗത്യസംഘത്തെ വകുപ്പ് കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഈ ദൗത്യസംഘത്തില്‍ ഒരു ചെയര്‍പേഴ്‌സണും, സെക്രട്ടറിയേറ്റും ഉണ്ടാകും. ഇവര്‍ ഓരോ മാസവും അയര്‍ലണ്ടിലെ ടെലികോം വിതരണക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് സംവിധാനം. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍, കോളുകള്‍ എന്നിവ തടയാനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നത് സംബന്ധിച്ച് ടെലികോം വിതരണ കമ്പനികളും, ദൗത്യസംഘവും ചേര്‍ന്ന് രണ്ട് റിപ്പോര്‍ട്ടുകള്‍ വീതം സമര്‍പ്പിക്കണം; ഒന്ന് ആറു മാസത്തിവനകവും, അടുത്തത് 2023-ലും. ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

രാജ്യത്ത് ഇത്തരം വ്യാജസന്ദേശങ്ങളിലും തട്ടിപ്പുകളിലും പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി Ossian Smyth-ഉം, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രി അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് പദ്ധതിക്ക് പിന്തുണ നല്‍കും.

Red C, The Journal എന്നിവ കഴിഞ്ഞ വര്‍ഷം സംയുക്തമായി നടത്തിയ ഒരു സര്‍വേയില്‍ രാജ്യത്തെ നാലില്‍ മൂന്ന് പേര്‍ക്കും ഒരിക്കലെങ്കിലും ഇത്തരം തട്ടിപ്പ് മെസേജ് അല്ലെങ്കില്‍ കോള്‍ വന്നതായി തെളിഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: